മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ഇന്നും കേരളത്തില്‍ പെരുമഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇടുക്കി: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ഇന്നും കേരളത്തില്‍ കനത്ത മഴക്ക് കാരണമാകുന്നത്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരും. തീരദേശവാസികള്‍ക്ക് ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുകയാണ്. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും എടുത്തതായി ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.

രാത്രിയിലും മിക്ക ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു. കണ്ണൂരിലാണ് ഇന്നലെ കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 16 സെന്റീമീറ്റര്‍.ഈ മാസം 1 മുതല്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി, വയനാട് ജില്ലകളിലാണ്. ഇടുക്കിയില്‍ ഇക്കാലയളവില്‍ 722 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. വയനാട്ടില്‍ 716 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. ഏറ്റവും കുറവ് മഴ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്.

Exit mobile version