കരിപ്പൂർ വിമാനാപകടം: മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു; 115 പേർ ചികിത്സയിൽ

airindia-1

കരിപ്പൂർ: എയർ ഇന്ത്യാ വിമാനം അപകടത്തിൽപെട്ട് 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്പി ജി സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ ടീമിനേയാണ് രൂപീകരിച്ചത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എഎസ് പി ഹേമലത, ഇൻസ്‌പെക്ടർമാരായ ഷിബു, കെഎം ബിജു, സുനീഷ് പി തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ അംഗങ്ങളാണ്.

ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐഎക്‌സ് 1344 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെടുന്നത്. നാല് കുട്ടികളുൾപ്പടെ 18 പേരാണ് മരിച്ചത്. അതിൽ രണ്ടുപേർ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഠേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരായിരുന്നു. നിലവിൽ 115 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നത്. അതിൽ 14 പേരുടെ നില ഗുരുതരമായി തുടരുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സ തുടരുന്നത്. 57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കോട്ടക്കൽ അൽമാസ് ആശുപത്രി രണ്ട് പേർ, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി 16 പേർ, മഞ്ചേരി കൊരമ്പയിൽ ആശുപത്രി ഒരാൾ, മഞ്ചേരി മലബാർ ആശുപത്രി ഒരാൾ, കോഴിക്കോട് മിംസ് ആശുപത്രി 32പേർ, കോട്ടക്കൽ മിംസ് അഞ്ചു പേർ, പെരിന്തൽമണ്ണ മൗലാനാ ആശുപത്രി രണ്ട് പേർ, കോഴിക്കോട് മൈത്രി ആശുപത്രി 10പേർ, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി 22പേർ, കോഴിക്കോട് ഇഖ്‌റ ആശുപത്രി അഞ്ചു പേർ, പെരിന്തൽമണ്ണ എംഇഎസ് ആശുപത്രി മൂന്ന് പേർ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഒൻപത് പേർ, കോഴിക്കോട് ബീച്ച് ആശുപത്രി ഏഴ് പേർ ന്നിങ്ങനെയാണ് പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള കണക്ക്.

മരിച്ചവരിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനാൽ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവരിൽ ഇതുവരെ ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും ജില്ലാകളക്ടർ അറിയിച്ചു.

Exit mobile version