പെട്ടിമുടിയില്‍ നിന്ന് പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 41 ആയി, ഇനി കണ്ടെത്താനുള്ളത് 28 പേരെ

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് ഇനിയും 28 പേരെ കണ്ടെത്താനുണ്ട്.

സ്നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി തൃശ്ശൂരില്‍ നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍ പെട്ട നായ്ക്കളെ രാജമലയിലേക്ക് അയച്ചിരുന്നു. അതേസമയം കനത്ത മഴ ഉള്ളതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരം തന്നെയാണ്. ഇപ്പോള്‍ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. ചിലര്‍ പെട്ടിമുടിപ്പുഴയില്‍ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്. രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ തിരുവനന്തപുരത്ത് നിന്നുള്ള അഗ്‌നിശമനസേനയുടെ അമ്പതംഗ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്

അതേസമയം സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കരിപ്പൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകര്‍ക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

Exit mobile version