റിസ്‌ക് എടുക്കാൻ വയ്യ; മഴ കനത്തതോടെ വിമാനങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളം വിട്ടു

നെടുമ്പാശേരി: കഴിഞ്ഞതവണ രണ്ടു മഴക്കാലത്തും റൺവേയിൽ ഉണ്ടായ വെള്ളക്കെട്ട് വിമാനങ്ങൾക്ക് പാരയായതോടെ ഇത്തവണ വെള്ളക്കെട്ടൊഴിവാക്കാൻ മുൻകരുതലെടുത്ത് സിയാൽ. അതേസമയം, മഴ കനക്കുന്നതിനാൽ ഇനിയും വിമാനത്താവളത്തിൽ തുടരുന്നത് ഞാണിന്മേൽ കളിക്ക് തുല്യമാണെന്ന് തിരിച്ചറിഞ്ഞ് സമയം പാഴാക്കാതെ വിമാനക്കമ്പനികൾ തങ്ങളുടെ അധികമുള്ള വിമാനങ്ങളുടെ പാർക്കിങ് കൊച്ചിയിൽ നിന്നു മാറ്റി. ഇൻഡിഗോ, എയർഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് വിമാന കമ്പനികളുടേതായി 10 വിമാനങ്ങളാണ് പതിവായി ഇവിടെ പാർക്ക് ചെയ്യാറുള്ളത്. ഇതിൽ ആറ് വിമാനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നു മാറ്റി.

2018ൽ പ്രളയകാലത്ത് രണ്ടാഴ്ച വിമാനത്താവളം പൂർണ്ണമായി അടച്ചിടേണ്ട അവസ്ഥയുമുണ്ടായിരുന്നു. വിമാനത്താവളപ്രദേശത്തും സമീപ പ്രദേശങ്ങളിലും ഇത്തവണയും ഈയവസ്ഥ ഉണ്ടാകാതിരിക്കാൻ സിയാൽ നേരത്തെ തന്നെ വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ ആരംഭിക്കുകയും ചെയ്തു. 130 കോടി രൂപ ചെലവിൽ വിവിധ റോഡുകളുടെയും തോടുകളുടെയും പുനരുദ്ധാരണവും പാലങ്ങളുടെ നിർമ്മാണവുമാണ് നടക്കുന്നത്. ഇതിൽ പല പദ്ധതികളും പൂർത്തിയായി. ചിലതു നടന്നുവരുന്നു.

ഇവയിൽ പ്രധാനപ്പെട്ട ചെങ്ങൽത്തോട് നവീകരണം ലോക്ക്ഡൗണിനുശേഷം യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തി 8 മീറ്റർ വീതിയിൽ കനാൽ പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണരീതിയിലുള്ള വെള്ളക്കെട്ടുണ്ടായാൽ ഇത്തവണ പ്രശ്‌നമുണ്ടാകില്ല എന്ന വിലയിരുത്തലിലാണ് സിയാൽ.

Exit mobile version