രാജമലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; കണ്ടെത്താനുള്ളത് അമ്പതോളം പേരെ

മൂന്നാര്‍: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഇനി കണ്ടെത്താനുള്ളത് അമ്പതോളം പേരെയാണ്. അതേസമയം ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അര്‍ധരാത്രിയോടു കൂടി തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഴ്ച തടസ്സപ്പെട്ടതോടെയാണ് തെരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

പതിനെട്ട് പേരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പതിനൊന്ന് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version