കോവിഡ് ജീവിതം മാറ്റി, ദിലീപും മഞ്ജുവും ഇനിമുതല്‍ ഒറ്റക്കെട്ടായി മുന്നോട്ട്, ചട്ടിപ്പത്തിരിയും മുട്ടസുര്‍ക്കയും പഴംപൊരിയും വിറ്റ് അതിജീവനത്തിനായുള്ള പോരാട്ടം

ചാവക്കാട്: കോവിഡ് കാലം മഞ്ജുവിന്റെയും ദിലീപിന്റെയും ജീവിതത്തെ മാറ്റി മറിച്ചു. ദിലീപിന്റെ ക്യാമറയ്ക്ക് ഇപ്പോള്‍ മിന്നുന്ന ഫ്‌ലാഷുകളില്ല. മഞ്ജുവിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം ചിലമ്പൊലിയുമില്ല. വീടിന്റെ അടുക്കളയില്‍ നിന്നും അതിജീവനത്തിന്റെ പോരാട്ടത്തിലാണ് ഇരുവരും.

കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടവരാണ് മണത്തല മടേക്കടവില്‍ ഫ്രീലാന്‍സ് ഫൊട്ടോഗ്രഫറായ ദിലീപും ‘ദിയ സ്‌കൂള്‍ ഓഫ് ഡാന്‍സ്’ എന്ന നൃത്തവിദ്യാലയം നടത്തുന്ന ഭാര്യ മഞ്ജുവും. മണത്തല മടേക്കടവ് സ്വദേശിയാണ് ദിലീപ്. കോഴിക്കോട് നടക്കാവ് സ്വദേശിനിയാണ് മഞ്ജു.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇരുവരും അവരവരുടെ മേഖലകളില്‍ മുന്നേറികൊണ്ടിരുന്നപ്പോഴാണ് കോവിഡ് ജീവിതത്തെ മാറ്റിമറിച്ചത്. ജോലി നഷ്ടമായതോടെ മക്കളുടെ ഫീസടയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പലഹാരങ്ങളുണ്ടാക്കി വില്‍ക്കാമെന്ന ആശയം ഉദിച്ചത്.

ആദ്യമൊക്കെ ചെറിയ രീതിയില്‍ പലഹാരമുണ്ടാക്കി മഞ്ജു പരീക്ഷിച്ചു. ഇപ്പോള്‍ ചട്ടിപ്പത്തിരിയും മുട്ടസുര്‍ക്കയും പഴംപൊരിയും ഇലഅടയും ഉണ്ണിയപ്പവും ബജിയും നെയ്യപ്പവും തുടങ്ങി കൈയ്യിലെണ്ണാവുന്നതിലുമധികം പലഹാരങ്ങള്‍ മഞ്ജു ഉണ്ടാക്കും.

പുലര്‍ച്ചെ 3ന് വീടിനോട് ചേര്‍ന്ന അടുക്കളയില്‍ മഞ്ജു പലഹാരമുണ്ടാക്കുന്ന ജോലി ആരംഭിക്കും. വിഭവങ്ങള്‍ പുലര്‍ച്ചെ 5 മുതല്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന ജോലി ദിലീപിന്റേതാണ്. അടുത്ത പരിചയക്കാരെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ‘ഹോം ഫ്രഷ് സ്‌നേക്‌സ്’ എന്ന വാട്‌സ് ആപ് കൂട്ടായ്മയും ഉണ്ടാക്കി. ഓര്‍ഡറുകള്‍ ഇതിലൂടെയും വന്നുതുടങ്ങി.

ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ കെജി സെക്ഷന്‍, തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നൃത്തം പഠിപ്പിച്ചിരുന്നു മഞ്ജു. നൃത്തവിദ്യാലയം മടേക്കടവിലും എടക്കഴിയൂരിലും നടത്തുന്നുണ്ട്. മമ്മിയൂര്‍ എല്‍എഫ്‌സിയുപി സ്‌കൂള്‍ വിദ്യാര്‍ഥിനി ദിയയും തിരുവത്ര ശ്രീനാരായണ വിദ്യാനികേതനിലെ വിദ്യാര്‍ഥി ദക്ഷിതും മക്കളാണ്.

Exit mobile version