ജീവിക്കണ്ടേ!; കോവിഡ് കാരണം ജോലി ഇല്ല, കപ്പ വിറ്റ് വരുമാനം കണ്ടെത്തി മദ്രസ അധ്യാപകന്‍

മലപ്പുറം: കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. പലരും പട്ടിണിയിലായി. ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച്‌ പലരും പുതിയ ജോലികള്‍ തേടിയിറങ്ങി. കോവിഡ് പ്രതിസന്ധിക്കിടയില്‍ ജോലി നഷ്ടപ്പെട്ടപ്പോള്‍ കപ്പ വില്‍പ്പന നടത്തി കുടുംബം പുലര്‍ത്തുകയാണ് ഒരു മദ്രസ അധ്യാപകന്‍.

മലപ്പുറം മങ്കട സ്വദേശിയായ അബ്ദുസ്സലാം ആണ് കോഴിക്കോട് പാലക്കാട് നാഷണല്‍ ഹൈവേ റോഡരികിലിരുന്ന് കപ്പ വില്‍പ്പന നടത്തുന്നത്. ഏഴ് മാസത്തോളമായി നിത്യചിലവിനുള്ള പണം അബ്ദുസ്സലാം കണ്ടെത്തുന്നത് കപ്പ വില്‍പ്പനയിലൂടെയാണ്.

മങ്കടയിലെ ഒരു മദ്രസയില്‍ ആയിരുന്നു അബ്ദുസ്സലാം ജോലി നോക്കിയിരുന്നത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ മദ്രസയും അടച്ചിട്ടു. ഇതോടെ മദ്രസയിലേക്ക് കുട്ടികള്‍ വരാതെയായി.

തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് അബ്ദുസ്സലാം കപ്പ വില്പ്പന നടത്താന്‍ തീരുമാനിക്കുന്നത്. അബ്ദുസ്സലാമിനെ പോലെ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ടതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പുതുവഴികള്‍ തേടിയിറങ്ങിയത്. കോവിഡ് കാലം പലരുടെയും ജീവിതം തന്നെ മാറ്റിയിരിക്കുകയാണ്.

Exit mobile version