അന്ന് കൂട്ടുകാരന്റെ പല്ല് അടിച്ചു താഴെയിട്ട കുരുത്തംകെട്ട പെണ്ണ്, ഇന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക: വിദ്യാര്‍ഥിനിയെ കുറിച്ച് അഭിമാനത്തോടെ ഹൃദയം നിറച്ച് ടീച്ചര്‍

സ്‌കൂള്‍ കാലഘട്ടം സമ്മാനിക്കുന്ന ഏറ്റവും ഭാഗ്യമാണ് ടീച്ചര്‍മാരും വിദ്യാര്‍ഥികളും തമ്മിലുള്ള ആത്മബന്ധം. നിരവധി വിദ്യാര്‍ഥികള്‍ക്കിടയില്‍ ടീച്ചറുടെ മനസ്സില്‍ ഇടംപിടിക്കുന്ന വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികളുടെ മനസ്സില്‍ മായാത്ത അധ്യാപകര്‍ അങ്ങനെ ആ ആത്മബന്ധം ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ പതിഞ്ഞിരിക്കും.

ഇപ്പോഴിതാ ഒരു അധ്യാപിക തന്റെ വിദ്യാര്‍ഥിയെ കുറിച്ച് പങ്കുവച്ചൊരു കുറിപ്പ് വൈറലായിരിക്കുകയാണ്. താന്‍ പഠിപ്പിച്ചതില്‍ വച്ചേറ്റവും കുരുത്തക്കേടുണ്ടായിരുന്ന വിദ്യാര്‍ഥിനിയെ കുറിച്ചാണ് അധ്യാപികയുടെ കുറിപ്പ്. അല്പം വില്ലത്തരവും കുസൃതികളുമുള്ള കുട്ടികളായിരിക്കും അധ്യാപകരുടെ മനസ്സില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നത്.

സ്‌കൂള്‍ കാലഘട്ടത്തിലെയും ഇപ്പോഴത്തെയും രണ്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് അധ്യാപികയുടെ ഹൃദയംതൊടുന്ന കുറിപ്പ്. 13 വര്‍ഷത്തെ ഇടവേളയുണ്ട് രണ്ട് ചിത്രങ്ങളും തമ്മില്‍. അന്ന് കൂട്ടുകാരന്റെ പല്ല് അടിച്ചു താഴെയിട്ട പെണ്‍കുട്ടി ഇന്ന് അധ്യാപികയാണ്. തീപ്പൊരിയാണ് ഇവളെ സൂക്ഷിക്കണമെന്ന് മറ്റ് അധ്യാപകര്‍ തനിക്ക് താക്കീത് തന്നിരുന്നുവെന്നും അധ്യാപിക പറയുന്നു.

‘തന്റേടിയായ പെണ്‍കുട്ടിയായിരുന്നു അലിഷ എന്ന തന്റെ ശിഷ്യ. അവളുടെ കാര്യങ്ങള്‍ അവളാണ് തീരുമാനിച്ചിരുന്നത്. എന്തെങ്കിലും വേണമെന്നു തോന്നിയാല്‍ അത് കിട്ടുന്നതുവരെ നിര്‍ദാക്ഷിണ്യം അതിന് വേണ്ടി വാശിപിടിച്ചുകൊണ്ടിരിക്കും. വളരെ സ്മാര്‍ട്ടായ കുട്ടിയായിരുന്നു എന്നാല്‍ ഒരിറ്റ് ക്ഷമ അവള്‍ക്കില്ലായിരുന്നു. ഈ കുട്ടിയെ എന്തുചെയ്യും, ഇവള്‍ വലുതാകുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ച് താന്‍ തലപുകച്ചിട്ടുണ്ട്. അവളുടെ കുടുംബസാഹചര്യങ്ങളെല്ലാം വളരെ മോശമായിരുന്നു. അലിഷയുടെ തുടര്‍പഠനം തന്നെ സാധ്യമാകുമോ എന്നറിയില്ലായിരുന്നു. ഇക്കാര്യങ്ങളോര്‍ത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ട് എന്നാല്‍ അതെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു’ എന്നാണ് അധ്യാപിക കുറിച്ചിരിക്കുന്നത്.

അലിഷയെ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ രണ്ടുവര്‍ഷമാണ് താനുണ്ടായിരുന്നത്. അവിടെ നിന്ന് മാറിയതിനു ശേഷം ഒരുദിവസം മറ്റൊരു അധ്യാപിക തനിക്കൊരു കത്തയച്ചുതന്നു. അതില്‍ അലിഷ തന്നെക്കുറിച്ച് എഴുതിയിരുന്ന കാര്യങ്ങള്‍ വായിച്ച് വികാരനിര്‍ഭരയായിപ്പോയി. ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെക്കുറിച്ച് എഴുതാന്‍ അധ്യാപിക ആവശ്യപ്പെട്ടപ്പോള്‍ അലിഷ തന്നെക്കുറിച്ചായിരുന്നു എഴുതിയത് എന്നാണ് അധ്യാപിക കുറിച്ചിരിക്കുന്നത്. ആ കുറിപ്പിന്റെ ഫോട്ടോയടക്കം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

അലിഷയുടെ വീട്ടിലെ സാഹചര്യങ്ങള്‍ അറിയാവുന്നതുകൊണ്ടുതന്നെ അവളെ സഹായിക്കാന്‍ ഞാനടക്കമുള്ള അധ്യാപകര്‍ തയ്യാറായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ അലിഷയുടെ പഠനം എന്താകുമെന്നോര്‍ത്ത് സങ്കടപ്പെട്ടു. എന്നാല്‍ അവള്‍ അതിനെയെല്ലാം മറികടന്നു. ഇന്ന് മുബൈയിലെ അറിയപ്പെടുന്ന ഒരു സ്‌കൂളില്‍ തന്നെ സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചറാണവള്‍.

എന്തുകൊണ്ടാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപികയാകണം എന്ന തീരുമാനത്തിലെത്തിയത് എന്ന ചോദ്യത്തിന് ‘എന്റെ അധ്യാപികയ്ക്ക് എന്നോടുള്ള വിശ്വാസമാണ് എന്നെ മുന്നോട്ടു നയിച്ചത്, അതുകൊണ്ട് ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള വിഭാഗമായ ഈ കുട്ടികളെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഏറ്റവും കുരുത്തംകെട്ട ആര്‍ക്കും വേണ്ടാത്ത കുട്ടികളെ ഞാന്‍ നോക്കിക്കൊള്ളാം’ എന്നായിരുന്നു അലിഷയുടെ മറുപടിയെന്നും അധ്യാപിക പറയുന്നു.

പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ അധ്യാപികയുടെ ഈ കുറിപ്പ് വൈറലായി. ഒട്ടനവധിപേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. ഇങ്ങനെയൊരു അധ്യാപക ശിഷ്യ ബന്ധം കണ്ട് ഹൃദയം വികാരനിര്‍ഭരമാകുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Exit mobile version