സിനിമകളില്ല; ‘ഭാഗ്യം വില്‍ക്കാന്‍’ ഇറങ്ങി നടന്‍ ഷണ്‍മുഖന്‍

മൂവാറ്റുപുഴ: ലോകം കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡ് 19 വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമാ മേഖലയിലും ഉണ്ടായി കൊണ്ടിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. കൊവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് പുനരാരംഭിച്ചുവെങ്കിലും പ്രതിസന്ധിയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ് നടന്‍ ഷണ്‍മുഖന്റെ സ്ഥിതിയും.

ലോട്ടറി ടിക്കറ്റുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഈ താരം. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ തിരശ്ശീലയിലേക്ക് എത്തിയാളാണ് ചേര്‍ത്തല സ്വദേശിയായ ഷണ്‍മുഖന്‍. ഇതുവരെ ഇരുപതോളം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. എന്നാല്‍ കൊവിഡിനിടെ ഷൂട്ടിംഗുകള്‍ നിലച്ചതോടെ ഭാഗ്യം വില്‍ക്കാനായി ഷണ്‍മുഖന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

എല്ലാ ദിവസവും പള്ളുരുത്തിയില്‍ നിന്ന് മൂവാറ്റുപുഴയില്‍ എത്തിയാണ് ഷണ്‍മുഖന്‍ ലോട്ടറി വില്‍ക്കുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും കാല്‍നടയായി ഷണ്‍മുഖന്‍ എത്തി ടിക്കറ്റ് വില്‍ക്കും. തന്നേക്കാള്‍ ദുരിതം അനുഭവിക്കുന്നരെ കണ്ടാല്‍ ഒരു ലോട്ടറി ടിക്കറ്റ് ഭാഗ്യപരീക്ഷണത്തിന് സൗജന്യമായി നല്‍കുകയും ചെയ്യും.

അമ്മ മാത്രമാണ് നാല്‍പത്തേഴുകാരനായ ഷണ്‍മുഖന് ആകെ കൂട്ടായി ഉണ്ടായിരുന്നത്. എന്നാല്‍, അമ്മ മരിച്ചതോടെ അദ്ദേഹം തനിച്ചായി. ഇപ്പോള്‍ പള്ളുരുത്തിയിലുള്ള സുഹൃത്തിനൊപ്പമാണ് ഷണ്‍മുഖന്റെ താമസം.

Exit mobile version