കണ്ടെയ്‌ന്മെന്റ് സോണുകള്‍ ഇനി വാര്‍ഡ് തലത്തിലല്ല, പ്രദേശം എന്ന നിലയില്‍; കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തി

തിരുവനന്തപുരം: കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ കണ്ടെയ്‌ന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ ഇതില് മാറ്റം വരികയാണെന്നും ഇനി പ്രദേശം അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേര്‍തിരിച്ച് കണ്ടെയിന്മെന്റ് സോണാക്കും. ഇതിന് കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിക്കും. മാറ്റം പോസിറ്റീവ് രോഗികളുടെ പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്തുകൊണ്ടായിരിക്കും. ഇവിടങ്ങളില്‍ ഇപ്പോഴുള്ളത് പോലെത്തന്നെ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാകും.

ഈ സോണിലെ ആളുകള്‍ക്ക് പുറത്തേക്കോ, മറ്റുള്ളവര്‍ക്ക് കണ്ടെയിന്മെന്റ് സോണിലേക്കോ പോകാന്‍ അനുവാദം ഉണ്ടാകില്ല. അവശ്യസാധനം വീടുകളില്‍ എത്തിക്കും. അതിന് കടകളെ സജ്ജമാക്കും. കടകള്‍ വഴി വിതരണം ചെയ്യും. അതിന് പ്രയാസമുണ്ടെങ്കില്‍ പോലീസോ, പോലീസ് വളണ്ടിയറോ അവശ്യ സാധനം വീട്ടിലെത്തിക്കും. കണ്ടെയിന്മെന്റ് സോണ്‍ ഒഴിവാക്കുന്നത് ഇതിനകത്തുള്ള പ്രൈമറി സെക്കന്ററി കോണ്ടാക്ടുകള്‍ രോഗമുക്തമായെന്ന് ഉറപ്പാക്കിയായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സ്വാഭാവികമായും കുറച്ചധികം പ്രയാസം ആളുകള്‍ക്ക് ഉണ്ടാക്കും. രോഗം വന്ന് ജീവഹാനി ഉണ്ടാകുന്നതിലും ഭേദം പ്രയാസം അനുഭവിക്കലാണ്. സമ്പര്‍ക്കമാണ് രോഗവ്യാപനത്തിന് കാരണം. ഇതൊഴിവാക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം വേണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version