കോഴിക്കോട് ജില്ലയിലെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു; അവശ്യസേവനങ്ങള്‍ക്ക് മാത്രം ഇളവ്

കോഴിക്കോട്: ജില്ലയിലെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവായി. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ ഇതുപ്രകാരം പൂര്‍ണമായി നിരോധിച്ചു. ജില്ലയില്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്.

തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കണ്‍ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഇതിന് പോലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

രോഗവ്യാപനം അതി തീവ്രമായി തുടരുന്നത് ജില്ലയെ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. അതേസമയം ജില്ലയില്‍ വെളളി, ശനി ദിവസങ്ങളില്‍
കൊവിഡ് ടെസ്റ്റിംഗ് മഹായജ്ഞം നടത്തും. രണ്ടു ദിവസവും 20000 വീതം പരിശോധനകള്‍ നടത്താനാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റിംഗ് കിറ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇതിനായുളള ടെസ്റ്റിംഗ് സെന്ററുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങള്‍ സജ്ജീകരിക്കുക.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്തവര്‍, കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, വയോജനങ്ങള്‍ കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകള്‍ ടെസ്റ്റിംഗിന് വിധേയരാകാന്‍ സ്വമേധയാ മുന്നോട്ടുവരണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Exit mobile version