ഗുരുവായൂര്‍ ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ്: നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്, ക്ഷേത്ര പരിസരം കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു

GURUVAYOOR, temple, containment zone | bignewslive

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു. അതേസമയം പൂജകളും ചടങ്ങുകളും പതിവ് പോലെ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

153 ക്ഷേത്രം ജീവനക്കാര്‍ക്ക് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 22 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ ആകെ 46 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നാളെയും ജീവനക്കാര്‍ക്ക് വേണ്ടിയുള്ള കൊവിഡ് പരിശോധന തുടരും.

അതേസമയം സംസ്ഥാനത്ത് ആകെ ഇന്ന് 4642 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2562 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,96,593 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,644 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Exit mobile version