5 ദിവസത്തിനിടെ 5000 കൊവിഡ് രോഗികള്‍; തൃശ്ശൂര്‍ മുള്‍മുനയില്‍; നിയന്ത്രണങ്ങളും കടുപ്പിക്കുന്നു, 31 പ്രദേശങ്ങള്‍ അതിനിയന്ത്രിത മേഖല

തൃശൂര്‍: കൊവിഡ് പിടിമുറുക്കുന്നത് ഇപ്പോള്‍ സാംസ്‌കാരിക നഗരിയായ തൃശ്ശൂര്‍ ജില്ലയിലാണ്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തിന് മേലെ രോഗികളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് തീരുമാനം.

തൃശൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ മുപ്പത്തിയൊന്നു പ്രദേശങ്ങളാണ് അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയും അഞ്ചു നഗരസഭാ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഇതിനെല്ലാം പുറമെ, മുപ്പത് പഞ്ചായത്തുകളും നിയന്ത്രിത മേഖലയുമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

നല്‍കിയിരിക്കുന്ന നിര്‍ദേശം ഇങ്ങനെ;

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങരുത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കടകളില്‍ കച്ചവടം നടത്തരുതെന്നാണ് നിര്‍ദ്ദേശം. മുപ്പതിലേറെ രോഗികളുള്ള പ്രദേശം പൂര്‍ണമായും അടച്ചിടും. തൃശൂര്‍ ശക്തന്‍ , ജയ്ഹിന്ദ് മാര്‍ക്കറ്റുകള്‍ ഏറെ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. രോഗവ്യാപന തോത് കുറയാതെ മാര്‍ക്കറ്റുകള്‍ തുറക്കില്ല. ബുധനാഴ്ച കൊവിഡ് ദിനമായി ആചരിക്കും. രോഗപ്രതിരോധ ബോധവല്‍ക്കരണ പരിപാടികളും ശക്തമാക്കും.

Exit mobile version