മകന്റെ ബൈക്കിൽ നിന്നും അമ്മ തെറിച്ചുവീണു; നാട്ടുകാരേയും പോലീസിനേയും ഭയന്ന് അമ്മയെ റോഡിൽ ഉപേക്ഷിച്ച് ‘മുങ്ങി’ മകൻ

ഹരിപ്പാട്: ബൈക്കിൽ മകന്റെ കൂടെ യാത്ര ചെയ്യവെ ബൈക്ക് തെന്നി റോഡിൽ വീണ വീട്ടമ്മയെ തനിച്ചാക്കി മകൻ കടന്നുകളഞ്ഞു. നാട്ടുകാരുടെ ശകാരം സഹിക്കാനാകാതെ മകൻ അമ്മയെക്കൂട്ടാതെ വണ്ടിയുമായി കടന്നുകളയുകയായിരുന്നു. ഹരിപ്പാട് ദേശീയപാതയിൽ താമ്മലാക്കലിലാണ് സംഭവമുണ്ടായത്.

ഞായറാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് ഹരിപ്പാട്ടെ ബന്ധുവിട്ടീലേക്ക് മകനൊപ്പം ബൈക്കിൽ വരികയായിരുന്നു അമ്മ. മഴവെള്ളത്തെ തുടർന്ന് താമ്മലാക്കലിൽ വെച്ച് ബൈക്ക് റോഡിൽ തെന്നി വീണു. ബൈക്കിൽ നിന്ന് സ്ത്രീ വീഴുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും മകൻ മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് തിരിച്ചറിഞ്ഞ് പോലീസിനെ വിളിച്ചു അറിയിക്കുകയുമായിരുന്നു.

അതേസമയം, നാട്ടുകാരുടെ ശകാരവും പോലീസിന്റെ വരവോർത്തുള്ള ഭയവും കാരണം മകൻ അമ്മയെ റോഡരികിൽ നിർത്തി ബൈക്കുമായി മുങ്ങുകയായിരുന്നു. വീഴ്ചയിൽ അമ്മയ്ക്ക് പരിക്കേറ്റിരുന്നില്ല. രംഗം വഷളാകുന്നത് കണ്ട് തന്നോട് പറഞ്ഞാണ് മകൻ പോയതെന്ന് അമ്മ നാട്ടുകാരെ അറിയിച്ചു.

താൻ ഓട്ടോയിൽ കയറി ബന്ധുവീട്ടിലെത്തുമെന്ന് പറഞ്ഞതിനെത്തുടർന്നാണ് മകൻ പോയതെന്ന് സ്ഥലത്തെത്തിയ പോലീസിനോടും അമ്മ പറഞ്ഞു. തുടർന്ന് പോലീസ് അമ്മയെ ബന്ധുവീട്ടിലെത്തിച്ചു. സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Exit mobile version