കേരളത്തില്‍ ഇന്ന് രണ്ടാമത്തെ കോവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശി

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി ഒരു കോവിഡ് വൈറസ് ബാധിച്ച് മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ ആണ് മരിച്ചത്. കോവിഡ് 19 വൈറസ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് ബാധിതനുമാണെന്ന് കണ്ടെത്തിയത്.

പരിയാരത്ത് ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് ആരോഗ്യനില വഷളായി വിനോദ് മരിച്ചത്. ഇതോടെ കാസര്‍കോട് കോവിഡ് മരണം 11 ആയി ഉയര്‍ന്നു. കോവിഡ് 19 വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്നുമരിക്കുന്ന രണ്ടാമത്തെ ആളാണ് വിനോദ് കുമാര്‍.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി ഇന്നുപുലര്‍ച്ചെ മരിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കുറച്ച് ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഇവിടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് സ്ഥിതി വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

Exit mobile version