സംസ്ഥാനത്ത് കൊവിഡ് മരണം കുതിച്ചുയരുന്നു; ഇന്ന് മാത്രം മരിച്ചത് ആറ് പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോഡ് ജില്ലയില്‍ മാത്രം ഇന്ന് രണ്ട് പേരാണ് മരിച്ചത്.78 കാരനായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജിയും, ഉപ്പള സ്വദേശി ഷെഹര്‍ബാനുവുമാണ് മരിച്ചത്. ഇതോടെ കാസര്‍കോഡ് ജില്ലയിലെ ആകെ കൊവിഡ് മരണം പതിനൊന്ന് ആയി.

78 കാരനായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഒരാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഉപ്പള സ്വദേശി ഷെഹര്‍ബാനുവിന് കഴിഞ്ഞ മാസം 28നാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ ചക്കരക്കല്‍ സ്വദേശി സജിത്ത് കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്ത് നടത്തിയ പരിശോധനയില്‍ സജിത്തിന് രോഗ ബാധ ഉണ്ടായിരുന്നില്ല. ചികിത്സയിലിരിക്കെ രോഗം ബാധിച്ചെന്നാണ് സംശയം.

ആലുവ കീഴ്മാട് സ്വദേശി സികെ ഗോപിയും കൊവിഡ് ബാധിച്ച് മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ഗോപി. ഇദ്ദോഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചെങ്കിലും രോഗമുക്തി നേടിയിരുന്നു. ലോട്ടറി വില്‍പ്പനക്കാരനായിരുന്ന ഗോപിയുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കിയില്‍ നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ അമാനയാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

Exit mobile version