ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊവിഡ്; സമ്പർക്ക പട്ടിക തയ്യാറാക്കി പഞ്ചായത്ത്

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ച ആലുവ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവറായ ആലുവ തായിക്കാട്ടുകര ദേവി വിലാസത്തിൽ ലക്ഷ്മണൻ (51) എന്ന മുരുകനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ ഓട്ടോ മീഡിയനിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ലക്ഷ്മണനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണ്.

അതേസമയം, കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാൻ. ഇയാളുടെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസർകോട് ജില്ലയിലെ എട്ടാമത്തെ കൊവിഡ് മരണമാണ് ഇത്.

തൃക്കരിപ്പൂർ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങിൽ ഇയാളുടെ മകൻ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങിൽ പങ്കെടുത്ത 13 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എംപി അഷ്‌റഫും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു.

Exit mobile version