വിളവ് തിന്ന് വേലി! ചെമ്പഴന്തിയിൽ സ്വകാര്യവ്യക്തിയുടെ വീട്ടിൽ നിന്നും വിലകൂടിയ ചെടിച്ചട്ടി മോഷ്ടിച്ച് പോലീസുകാരൻ; പുലർച്ചെ നടന്ന മോഷണദൃശ്യങ്ങൾ സിസിടിവിയിൽ

Kerala police | big news live

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ വെച്ചിരുന്ന വിലകൂടിയ ചെടിയടങ്ങിയ ചെടിച്ചട്ടി കാണാതായ സംഭവത്തിൽ വൻവഴിത്തിരിവ്. മോഷ്ടാവിനെ തപ്പി വീട്ടുകാർ സമീപത്തെ
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുടുങ്ങിയത് പോലീസുകാരൻ. വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യത്തിലാണ് ‘കള്ളൻ പോലീസ്’ തെളിഞ്ഞുവന്നത്.

വനിത എസ്‌ഐയുടെ ഒപ്പം എത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് ചെടിച്ചട്ടി മോഷ്ടിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ജീപ്പ് നിർത്തി പുറത്തിറങ്ങി പരിസരം നിരീക്ഷിച്ച ശേഷം വീടിന്റെ മതിലിൽ നിന്നും പോലീസുകാരൻ ചെടിച്ചട്ടി മോഷ്ടിക്കുകയായിരുന്നു.

ചെമ്പഴന്തിക്ക് സമീപമാണ് സംഭവം ഉണ്ടായത്. 16ന് പുലർച്ചെ 4.50 ഓടെയാണ് മോഷണം നടന്നത്. വനിത എസ്‌ഐ അരികിൽ ഇരിക്കുമ്പോൾ ജീപ്പ് നിർത്തി ഡ്രൈവറായ പോലീസുകാരൻ ചെടി ചട്ടിയോടെ മോഷ്ടിക്കുകയായിരുന്നു. സംഭവം ഇതുവരെ കേസ് ആക്കിയിട്ടില്ലെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കള്ളൻ പോലീസായതുകൊണ്ടും മോഷണ മുതൽ ചെടി മാത്രമായതുകൊണ്ടും ഉടമ പരാതി നൽകിയില്ലെന്നാണ് പത്ര റിപ്പോർട്ട്. ക്യാമറയിൽ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ രഹസ്യാന്വേഷണ വിഭാഗം പോലീസിലെ ഉന്നതർക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നാണ് സൂചന..

Exit mobile version