ജയിൽ ജീവനക്കാരനും തടവുകാരനും ഫയർമാനും കൊവിഡ്; ആലുവ സബ്ജയിലും ഫയർ സ്റ്റേഷനും അടച്ചു

ആലുവ: ആലുവ സബ്ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്കും തടവുകാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സബ് ജയിൽ അടച്ചിട്ടു. പറവൂർ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാൻഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആലുവയിൽ തന്നെ ഫയർമാന് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഫയർ സ്റ്റേഷനും അടച്ചിട്ടുണ്ട്. ആലുവ കടുങ്ങല്ലൂരിൽ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കടുങ്ങല്ലൂരിൽ ആന്റിജൻ പരിശോധന നടത്തുകയാണ്. പടിഞ്ഞാറെ കടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് പരിശോധന. നിലവിൽ 34 പേർക്കാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. കർഫ്യൂ തുടരുന്ന പ്രാദേശമാണ് കടുങ്ങല്ലൂർ.

എറണാകുളം ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 1541 പേരിൽ 1097 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നതും ജില്ലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ആലുവ ചെല്ലാനം ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗവ്യാപനമുണ്ടെന്നാണ് സൂചന. ഇന്നലെ 503 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Exit mobile version