പച്ചമരുന്ന് പറിക്കാനെന്ന പേരില്‍ കോവിഡ് ബാധിത പ്രദേശങ്ങളില്‍ കറങ്ങിനടന്നു, പിടികൂടിയപ്പോള്‍ നല്‍കിയത് 12 വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയ ഭാര്യയുടെ മേല്‍വിലാസം, ക്വാറന്റീനിലാക്കാന്‍ കൊണ്ടുചെന്ന ആരോഗ്യപ്രവര്‍ത്തകര്‍ പിടിച്ചത് പുലിവാല്

കോട്ടയം: പച്ചമരുന്ന് പറിക്കാനെന്ന് പറഞ്ഞ് കോവിഡ് ബാധിത പ്രദേശങ്ങളില്‍ കറങ്ങാനിറങ്ങിയയാളെ ക്വാറന്റീനിലാക്കാന്‍ ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകര്‍ പുലിവാല് പിടിച്ചു. ഞായറാഴ്ച വൈകിട്ട് ഇടുക്കി വണ്ടന്‍മേട്ടിലാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

പട്രോളിങ്ങിനിടെ സംശയാസ്പദമായാണ് പോലീസ് ഇയാളെ കണ്ടത്. തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തു. അപ്പോഴാണ് കോവിഡ് ബാധിത പ്രദേശങ്ങളിലും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പോയിരുന്നുവെന്ന് ഇയാള്‍ വ്യക്തമാക്കിയത്.

തന്റെ പേര് മുഹമ്മദ് ഷാജഹാന്‍ എന്നാണെന്നും പച്ചമരുന്നു പറിക്കാന്‍ പോയതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിലെ മക്കൊച്ചി സ്വദേശിയാണെന്നും ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഇയാളെ ക്വാറന്റീനിലാക്കാന്‍ നിര്‍ദേശിച്ചു.

ഇയാള്‍ പറഞ്ഞതനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ രാത്രി കൊക്കയാര്‍ മക്കൊച്ചിയില്‍ എത്തി. അപ്പോഴാണ് വീണ്ടും ട്വിസ്റ്റ് ഉണ്ടായത്. 12 വര്‍ഷം മുന്‍പ് ഇയാള്‍ ഉപേക്ഷിച്ചു പോയ ഭാര്യ വീടായിരുന്നു അത്. നാട്ടുകാര്‍ ഇയാളെ തിരികെ കൊണ്ടുപോകണം എന്നാവശ്യപ്പെട്ടു.

ഇയാള്‍ ചിറക്കടവ് സ്വദേശിയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഇയാള്‍ മുങ്ങി. പോലീസിന്റെ സഹായത്തോടെ പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പറത്താനത്ത് വെച്ച് സംശയകരമായി ഇയാളെ കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

Exit mobile version