സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കൊണ്ട് ഗുണമില്ല, പകരം ഈ മാര്‍ഗം സ്വീകരിക്കണം; നിര്‍ദേശവുമായി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ട എന്ന്് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഗുണം ചെയ്യില്ല. പകരം പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ് പറഞ്ഞു.

നേരത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയത് കൊണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കൊവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിനേക്കാളും പ്രാദേശിക ലോക്ക്ഡൗണുകളാണ് ഫലപ്രദമാവുക. രോഗവ്യാപനമുണ്ടായ ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് ഡോ. എബ്രഹം വര്‍ഗീസ് പറഞ്ഞു.

കേരളത്തില്‍ സമൂഹവ്യാപനം നടന്നു കഴിഞ്ഞു. നമ്മുടെ അടുത്തിരിക്കുന്നവരെല്ലാം പോസിറ്റീവ് ആണെന്ന് ധരിക്കേണ്ട സ്ഥിതിയാണ്. പരിശോധന നടത്താത്തിടത്തോളം കാലം ഒരാളും നെഗറ്റീവ് ആണെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ വഴികളിലൂടെ മാത്രമേ രോഗത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ. മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് മാത്രമേ രോഗപ്രതിരോധം സാധ്യമാവുകയുള്ളൂ എന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി.

Exit mobile version