കൂടുതൽ പോലീസുകാർക്ക് കൊവിഡ്; എക്‌സൈസ്, കെഎസ്ആർടിസി ജീവനക്കാർക്കും കൊവിഡ്; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാർ ഉൾപ്പടെ കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നു. തിരുവനന്തപുരത്തും കൊല്ലത്തും കൊച്ചിയിലും പോലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനത്ത് പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആസ്ഥാനം തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് എയർപോട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.

അതേസമയം, കൊല്ലത്ത് ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിലാണ്. കൊച്ചിയിൽ എക്‌സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് ബസ് കണ്ടക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊച്ചിയിൽ എക്‌സൈസ് റേഞ്ചിലെ നോർത്ത് ഡിവിഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെരാനെല്ലൂരിൽ എൻഡിപിഎസ് കേസ് പ്രതിയുടെ ദേഹ പരിശോധനയ്ക്കായി ഉദ്യോഗസ്ഥൻ പോയിരുന്നു. പിന്നീട് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിഐ ക്വാറന്റൈനിൽ പോയിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version