പരിശോധനയ്ക്ക് എത്തിയ രോഗിക്ക് കൊവിഡ്; കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗം അടച്ചു; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ നിരീക്ഷണത്തില്‍

കോട്ടയം: കൊവിഡ് രോഗി പരിശോധനയ്ക്ക് എത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന നേത്ര വിഭാഗം അടച്ചു. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ രോഗിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം അസ്ഥിരോഗ വിഭാഗം ഉള്‍പ്പെടുന്ന 11 ആം വാര്‍ഡിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. അതേസമയം കോട്ടയത്ത് മൂന്ന് പുതിയ പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്റ് സോണാക്കി.

ചങ്ങനാശേരി മുന്‍സിപ്പാലിറ്റി 31,33 വാര്‍ഡുകള്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18 ആം വാര്‍ഡ്, കോട്ടയം മുന്‍സിപ്പാലിറ്റി 46 ആം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍. മണര്‍കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലാകെ നിലവില്‍ 19 കണ്ടെയിന്‍മെന്റ് സോണുകളുണ്ട്.

ജില്ലയില്‍ ഇന്നലെ 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. നിലവില്‍ 241 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Exit mobile version