പാലക്കാട് അഞ്ഞൂറിലേറെ നായ്ക്കളിൽ വൈറസ് ബാധ; മരണനിരക്കും ഉയരുന്നു; ജനങ്ങൾ പരിഭ്രാന്തിയിൽ

പാലക്കാട്: കൊവിഡ് രോഗവ്യാപനത്തിൽ ജനങ്ങൾ ആശങ്കയിലായിരിക്കെ പാലക്കാട് ജില്ലയിൽ നായ്ക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും പരിഭ്രാന്തി പരത്തുന്നു. നായ്ക്കളിൽ വൈറസ് പരത്തുന്ന പാർവോ വൈറൽ എന്ററൈട്ടിസ് രോഗമാണ് പടരുന്നതെന്നാണ് സൂചന. ഭക്ഷണം കഴിക്കാതിരിക്കൽ, തുടർന്നു ഛർദ്ദി, വയറിളക്കം എന്നിവയാണു രോഗ ലക്ഷണം. ചികിത്സ വൈകിയാൽ നായ ചത്തുപോകും. ഇതിനകം അഞ്ഞൂറിലേറെ നായ്ക്കൾക്കു രോഗം ബാധിച്ചതായാണു കണക്ക്. മരണ നിരക്കും ഉയരുകയാണ്.

വളർത്തുനായ്ക്കൾക്ക് ഒപ്പം തെരുവു നായ്ക്കളിലും രോഗം പടരുന്നുണ്ട്. വൈറസ് രോഗമായതിനാൽ കൃത്യമായ വാക്‌സിനേഷൻ വഴി മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. വളർത്തു നായ്ക്കളെ മൃഗാശുപത്രിയിലെത്തിച്ച് ഇത്തരം പ്രതിരോധ കുത്തിവയ്പുകൾ എടുക്കണം. 2 മാസം പ്രായമുള്ള നായക്കുട്ടികൾക്കു മുതൽ കുത്തിവയ്‌പെടുക്കാമെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആർഒ ഡോ. ജോജു ഡേവിസ് അറിയിച്ചു.

നായ്ക്കൾക്ക് രോഗബാധ ഉണ്ടാകാതിരിക്കാൻ എല്ലാ വർഷവും കുത്തിവയ്‌പെടുക്കണം. തെരുവുനായ്ക്കൾ കൂട്ടത്തോടെ ചാകുന്നതിനു പിന്നിലും ഈ വൈറസ് രോഗമാണെന്നാണു വകുപ്പിന്റെ നിഗമനം. കോവിഡ് സാഹചര്യത്തിൽ നായകൾ കൂട്ടത്തോടെ ചാകുന്നതു പരിഭ്രാന്തി പടർത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണു വകുപ്പിന്റെ മുന്നറിയിപ്പ്.

Exit mobile version