ഓണത്തിന് മുമ്പ് തന്നെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി; തുക അനുവദിച്ചെന്ന് മുഖ്യമന്ത്രി

കൊവിഡ് കാലത്ത് സാധാരണക്കാരുടെ കൈയ്യിൽ പണമെത്തിക്കൽ: ഓണത്തിന് മുമ്പ് തന്നെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി; തുക അനുവദിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധികൾക്കിടെ ഓണത്തിന് മുമ്പ് തന്നെ സാമൂഹ്യ സുരക്ഷ-ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മെയ്, ജൂൺ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു. വിഷുവിനു ശേഷം ഓണത്തിനാണ് സാധാരണ പെൻഷൻ വിതരണം ചെയ്യുക. എന്നാൽ ഇത്തവണ പതിവ് മാറ്റുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. അടച്ചുപൂട്ടൽ സാഹചര്യത്തിൽ ജനങ്ങളുടെ കൈയിൽ പണം എത്തിക്കാനാണ് പെൻഷൻ വിതരണം നേരത്തെയാക്കിയത് എന്ന് ധനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പാവപ്പെട്ടവർക്കുള്ള എൽഡിഎഫ് സർക്കാരിന്റെ കൈത്താങ്ങാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സാമൂഹ്യസുരക്ഷ പെൻഷന് 1165 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏകദേശം 48.5 ലക്ഷം പേർക്ക് ഇത് ആശ്വാസമാകും.

ക്ഷേമനിധി ബോർഡുകളിൽ 11 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുക. 22 വരെ മസ്റ്റർ ചെയ്യുന്നവർക്കും ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നവർക്കും പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട വിധവാ പെൻഷൻ ലഭിക്കുന്നവർക്കും രണ്ടു മാസത്തെ പെൻഷൻ ലഭിക്കും.

ഈ വർഷം ആദ്യമായി പെൻഷൻ ലഭിക്കുന്നവർക്ക് മസ്റ്റർ നിർബന്ധമല്ല. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസത്തെ വിധവ പെൻഷൻ ലഭിക്കാത്തവർക്ക്, ആ തുകയും ഇത്തവണ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Exit mobile version