മുൻകരുതലുകൾ സ്വീകരിച്ച് ‘കീം പരീക്ഷ’ ജൂലൈ 16ന് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി; ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ

Exams | Kerala news

തിരുവനന്തപുരം: 2020-21 ലെ എഞ്ചിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ കീം 2020 ജൂലായ് 16ന് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്രമൊരുക്കുന്നതിന് പുറമെ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷയ്ക്ക് കേന്ദ്രങ്ങളൊരുക്കും. 1,10,250 വിദ്യാർത്ഥികളാണ് ഇവിടങ്ങളിലായി പരീക്ഷ എഴുതുക. ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 16 ലേക്ക് മാറ്റിവച്ചതായിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ, ഹോട്ട് സ്‌പോട്ടുകൾ, ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലകൾ എന്നിവിടങ്ങളിലെല്ലാം പരീക്ഷ നടത്തും. വിദ്യാർത്ഥികളുടെ പൂർണ സുരക്ഷ ഉറപ്പാക്കിയും രക്ഷകർത്താക്കളുടെ ആശങ്ക അകറ്റിയും കുറ്റമറ്റരീതിയിൽ പ്രവേശന പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപവും ബസ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനും പോലീസ് സഹായമുണ്ടാകും. പരീക്ഷയ്ക്ക് മുമ്പും ശേഷവും എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഫയർഫോഴ്‌സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി 3000ത്തോളം സന്നദ്ധ സേനാ പ്രവർത്തകരും കൈകോർക്കും. ഇവരായിരിക്കും കുട്ടികളെ തെർമൽ സ്‌കാനിങ്ങിന് വിധേയമാക്കുന്നതും സാനിറ്റൈസർ ലഭ്യമാക്കുന്നതും.

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കും ക്വാറന്റൈനിലുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക മുറി തയ്യാറാക്കും. യാത്രാ സൗകര്യമൊരുക്കാൻ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് രാവിലെയും വൈകീട്ടും സ്‌പെഷ്യൽ സർവീസുമുണ്ടാവും. ബസ് ഓൺ ഡിമാൻഡ് സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ സൂപ്പർ സ്‌പ്രെഡ് മേഖലയിലെ 70 വിദ്യാർത്ഥികൾക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച്എസ്എസ്സിൽ പരീക്ഷ എഴുതാം.

അതേസമയം, ഡൽഹി കേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിച്ചില്ല. അതിനാൽ ഫരീദാബാദ് ജെസി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പരീക്ഷാ കേന്ദ്രമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക് ഇ ജാഗ്രതാ പോർട്ടലിലൂടെ ഷോർട്ട് വിസിറ്റ് പാസ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version