വാഹന പരിശോധനയ്ക്കിടെ ‘കുട്ടി ഡ്രൈവര്‍’ പിടിയില്‍; പിഴയടക്കാന്‍ പറഞ്ഞതോടെ തലകറങ്ങിയൊരു വീഴ്ചയും! കോഴിക്കോട്ടെ പോലീസിനെ പുലിവാല് പിടിപ്പിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി

ചോദ്യം ചെയ്യുന്നതിനിടെയാണ് കുട്ടി ബോധരഹിതനായത്.

കോഴിക്കോട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായ വിദ്യാര്‍ത്ഥി ഉദ്യോഗസ്ഥരെ പുലിവാല് പിടിപ്പിച്ചു. പോലീസ് പറഞ്ഞ പിഴത്തുക കേട്ട് കുട്ടി ഡ്രൈവര്‍ കുഴഞ്ഞു വീണു. ഇതോടെ കുട്ടിയെയും കൊണ്ട് പോലീസ് വലയുകയായിരുന്നു. അവസാനം കേസെടുക്കാതെ പോലീസ് തടിയൂരി. വാണിമേലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാണിമേല്‍ വയല്‍ പീടികക്കടുത്ത് പോലീസ് കണ്‍ട്രോള്‍ റൂം സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്‌കൂട്ടറുമായി വന്നത്.

ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ വിദ്യാര്‍ത്ഥിയെ പോലീസ് കൈകാണിച്ചു നിര്‍ത്തി. ചോദ്യം ചെയ്യുന്നതിനിടെയാണ് കുട്ടി ബോധരഹിതനായത്. വാഹനം സ്റ്റേഷനിലേക്ക് കൊണ്ട് പോകുമെന്നും ആയിരത്തി അഞ്ഞൂറ് രൂപ പിഴ അടക്കണമെന്നും പോലീസ് പറഞ്ഞതോടെയാണ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണത്. ഇതോടെ പോലീസ് സംഘം പരിഭ്രാന്തരായി.

പണിപാളിയെന്ന് മനസിലായ പോലീസ് കുട്ടിയെ പരിസരത്തുള്ള യുവാവിനെ ഏല്‍പ്പിച്ച് ‘മുങ്ങി’. നാദാപുരം മേഖലയില്‍ കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് പോലീസ് പറയുന്നത്. മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ബൈക്കുകളിലെത്തുന്നത്.

Exit mobile version