അനര്‍ഹമായി മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ സ്വമേധയാ മുന്‍ഗണനതേര കാര്‍ഡ് ആക്കി മാറ്റണം, ഇല്ലെങ്കില്‍ 50,000 രൂപ പിഴയും കൂടാതെ ഒരു വര്‍ഷം വരെ തടവും, കര്‍ശന നടപടി

തൃശൂര്‍: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ സ്വന്തമാക്കിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍. ഇത്തരം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അര്‍ഹതയില്ലാത്തവര്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് സ്വമേധയാ മുന്‍ഗണനതേര കാര്‍ഡ് ആക്കിയാല്‍ നടപടി സ്വീകരിക്കുന്നതല്ല. ഇല്ലെങ്കില്‍ അനര്‍ഹമായ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തിയാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്റെ അധിക വിപണി വില, 50,000 രൂപ പിഴ കൂടാതെ ഒരു വര്‍ഷം വരെ തടവും ലഭിക്കും.

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍ പറ്റുന്നവര്‍, സ്വന്തമായി നാലുചക്ര വാഹനം ഉള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ ഉള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, മാസവരുമാനം 25000 രൂപയിലധികമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരല്ല.

ഇത്തരക്കാര്‍ മുന്‍ഗണനാ കാര്‍ഡ് കൈവശം ഉണ്ടെങ്കില്‍ മുന്‍ഗണനേതര കാര്‍ഡാക്കി മാറ്റണം.അനര്‍ഹരായവര്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതിനെക്കുറിച്ച് അറിവുള്ള പൊതുജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നേരിട്ടും തപാല്‍ മുഖേനയും താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്കാം. പരാതി നല്കുമ്പോള്‍ പരാതിക്കാരന്റെ മേല്‍വിലാസം വെളിപ്പെടുത്തേണ്ടതില്ല.

Exit mobile version