ഒരുതരി പൊന്നുപോലും വാങ്ങിയില്ല, പകരം രക്ഷിതാക്കള്‍ തനിക്കായി കരുതിയ സ്വര്‍ണം കൊണ്ട് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി യുവതി, ആ മൊഞ്ചുള്ള ഹൃദയത്തിനുടമയെ തേടി ഇന്നും അഭിനന്ദനപ്രവാഹം

തൃശ്ശൂര്‍: കല്യാണത്തിന് സ്വര്‍ണാഭരണങ്ങളെല്ലാം ധരിച്ച് അണിഞ്ഞൊരുങ്ങി കല്യാണപ്പന്തലിലേക്ക് എത്തണമെന്നാണ് പെണ്‍കുട്ടികളില്‍ പലരുടെയും ആഗ്രഹം. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. സൈറ മൊയ്‌നു എന്ന പാലക്കാട് വല്ലപ്പുഴകാരി. തന്റെ കല്യാണത്തിനായി കരുതിയ സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം നടത്തിയ നല്ല മൊഞ്ചുള്ള ഹൃദയമുള്ള പെണ്‍കുട്ടി.

കോവിഡ് കാലത്ത് നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി മാതൃകയായി മാറിയ സൈറയുടേയും കുടുംബത്തിന്റേയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇന്നും അഭിനന്ദനപ്രവാഹമാണ് ഈ പെണ്‍കുട്ടിയെ തേടി ഒഴുകിയെത്തുന്നത്.

തന്റെ വിവാഹ ദിവസം തനിക്ക് വേണ്ടി കരുതിയ സ്വര്‍ണം കൊണ്ട് പാവപ്പെട്ട പെണ്‍കുട്ടികളുടെയും വിവാഹം നടത്തണമെന്ന് സൈറ പറഞ്ഞപ്പോള്‍ അവള്‍ കാക്കച്ചി എന്ന് വിളിക്കുന്ന ഉപ്പ മൊയ്‌നുദിന്‍ സെയ്ഫുദിന്റെയും മനസ്സ് നിറഞ്ഞു. മകളുടെ നല്ല മനസ്സിനുമുന്നില്‍ തോറ്റുപോവുകയായിരുന്നു ബിസിനസുകാരനായ ഉപ്പ.

മകളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാനായി കോവിഡ് പ്രതിസന്ധിയും ഉയര്‍ന്ന സ്വര്‍ണവിലയും കാരണം പെണ്‍കുട്ടികളുടെ കല്യാണം നടത്താന്‍ കഴിയാത്ത കുടുംബങ്ങളെ അന്വേഷിച്ച് ഉപ്പ പുറപ്പെട്ടു. മകളുടെ മോഹം അറിയിച്ചതോടെ 6 കുടുംബങ്ങള്‍ക്കും അവരെ വിവാഹം ചെയ്യാനിരുന്ന യുവാക്കള്‍ക്കും പൂര്‍ണ സമ്മദം.

ഇതോടെ കല്യാണത്തിനുള്ള ഒരുക്കമായി. ഓരോ പെണ്‍കുട്ടിക്കും എട്ടര പവന്‍ സ്വര്‍ണമാണ് സൈനുദ്ദീന്‍ നല്‍കിയത്. അപ്പോഴും മകള്‍ക്ക് ഒരു തരി പൊന്നു പോലും ഈ അച്ഛന്‍ കൊടുത്തില്ല. പകരം അവരുടെ ആഗ്രഹം നിറവേറ്റുന്നത് കണ്ട് ഉള്ളില്‍ സന്തോഷിച്ചു.

വല്ലപ്പുഴയിലെ മൊയ്‌നുദിന്‍ സെയ്ഫുദിന്‍ നിസ ദമ്പതികളുടെ നാലു മക്കളില്‍ ഏറ്റവും ഇളയവളാണ് സൈറ . ബിസ്സിനസ്സുകാരനായ മുഹ്‌സിന്‍ ആണ് സൈറയെ വിവാഹം കഴിച്ചത്. കഴിഞ്ഞ മാസമായിരുന്നു സ്‌നേഹവും കരുതലും കൊണ്ടുള്ള ഈ ആഡംബര വിവാഹം. കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് വീടും വച്ചു നല്‍കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മൊയ്‌നുദ്ദീന്‍.

Exit mobile version