ആരെന്നു പോലും അറിയാത്ത വയോധികനെ സഹായിച്ച് സുപ്രിയ; ഏറ്റെടുത്ത് സോഷ്യൽമീഡിയ; നന്മയുടെ പ്രതീകം

കൊവിഡ് കാലത്ത് രോഗബാധ ഭയന്ന് അപരിചിതർ തലകറങ്ങി വീണാൽപ്പോലും കണ്ടില്ലെന്ന് നടിച്ചുപോകുന്നവരുടെ ഇടയിൽ വ്യത്യസ്തയായി ഈ യുവതി. പരസ്പരം സഹായിക്കാൻ രണ്ടു തവണ ആലോചിക്കുന്നവർക്കിടയിൽ അപരിചിതന് വേണ്ടി സഹായ ഹസ്തം നീട്ടി കൈയ്യടി നേടുകയാണ് സുപ്രിയ.

ഒരു വയോധികനെ സഹായിക്കുന്ന യുവതിയുടെ കോട്ടയം തിരുവല്ലയിൽ നിന്നുമുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തിരക്കേറിയ റോഡിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന അന്ധനായ വയോധികനെ സഹായിക്കുന്ന ഒരു യുവതിയാണ് വീഡിയോയിൽ.

അദ്ദേഹത്തിന്റെ അടുത്തെത്തി എന്തോ ചോദിച്ച യുവതി അതുവഴി വന്ന കെഎസ്ആർടിസി ബസിന് കൈ കാണിക്കുന്നു. കുറച്ച് മുമ്പിലേക്കാണ് ബസ് നിർത്തിയത്. വയോധികനെ ആ വഴിയിൽ ഒതുക്കി സുരക്ഷിതമായി നിർത്തിയ ശേഷം ബസിനരികിലേക്ക് ഓടി വന്ന് കണ്ടക്ടറോട് എന്തോ പറയുന്നു. പിന്നീട് തിരികെ പോയ വയോധികനെ കൈ പിടിച്ച് കൊണ്ടു വന്നു ബസിൽ കയറ്റി മടങ്ങുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ആരോ പകർത്തുകയും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

കോട്ടയം തുകലശ്ശേരി സ്വദേശിയായ സുപ്രിയ സുരേഷാണ് ഈ വൈറൽ വീഡിയോയിലെമുഖം. തിരുവല്ലയിലെ ടെക്‌സറ്റൈൽസ് ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് തിരക്കേറിയ റോഡിൽ നിൽക്കുന്ന അന്ധനായ വയോധികനെ കാണുന്നത്.

‘കാറും ബൈക്കും ചീറിപ്പാഞ്ഞ് പോകുന്ന റോഡിൽ ആ അച്ഛൻ നടക്കുന്നത് കണ്ടാണ് ഓടി അരികിലെത്തിയത്. റോഡിന് നടുവിലൂടെയായിരുന്നു നടന്നിരുന്നത്.. ബൈക്കൊക്കെ അടുത്തു വന്ന് വളഞ്ഞു പോകുന്നു.. ഞാനോടി അടുത്ത് ചെന്ന് സൈഡിലേക്ക് മാറ്റി നിർത്തി.. ചേട്ടൻ എന്തായാലും വരുമല്ലോ അപ്പോൾ ബൈക്കിൽ കയറ്റി സ്റ്റാൻഡിലേക്ക് വിടാം എന്നാണ് ആദ്യംചിന്തിച്ചത്.. പെട്ടെന്ന് ബസ് വന്നപ്പോ കൈ കാണിച്ച് നിർത്തി.. അച്ഛനിവിടുന്ന് എവിടേയും പോകല്ലേ എന്നു പറഞ്ഞ് ഓടിപ്പോയി ബസുകാരോട് കാര്യം പറഞ്ഞു.. അച്ഛനെ പിടിച്ചു കൊണ്ടു വന്ന് ബസിലേക്ക് കയറ്റി.. അതു കണ്ട് സമാധാനത്തിലാ മടങ്ങിയത്” സുപ്രിയയുടെ വാക്കുകൾ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ.

സമീപത്തുണ്ടായിരുന്ന ആളുകൾ വീഡിയോ ചിത്രീകരിക്കുന്നതൊന്നും സുപ്രിയ അറിഞ്ഞിരുന്നില്ല. വയ്യാത്ത ഒരാളെ സഹായിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് യുവതി പറയുന്നത്. രാത്രിയോടെ സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് വീഡിയോ വൈറലായി എന്ന കാര്യം അറിയുന്നത്. വീഡിയോ കണ്ട് തന്റെയും കണ്ണ് നിറഞ്ഞുവെന്നാണ് സുപ്രിയ പറയുന്നു. ജോലി ചെയ്യുന്ന സ്ഥാപനം നടത്തുന്ന പല സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ പങ്കാളി കൂടിയാണ് ഈ യുവതി.

Exit mobile version