രണ്ട് മാസം മുമ്പ് ഒളിച്ചോടിപ്പോയി വിവാഹിതരായ യുവദമ്പതിമാര്‍ മരിച്ച നിലയില്‍, ആഗ്രഹിച്ച പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്ന് അവസാനവാക്കുകള്‍

മാന്നാര്‍: വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയവെ യുവദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പന്തളം കുരമ്പാല ഊനംകോട്ടുവിളയില്‍ ജിതിന്‍ (30) ഭാര്യ ദേവികാദാസ് (20) എന്നിവരാണ് മരിച്ചത്. ചെന്നിത്തല കിഴക്ക് ‘ചക്കോശ്ശേരില്‍’ എന്ന വാടകവീട്ടിലാണ് യുവദമ്പതിമാരെ മരിച്ചനിലയില്‍ കാണപ്പെട്ടത്.

പ്രണയത്തിലായിരുന്ന പെയിന്റിങ് തൊഴിലാളിയായ ജിതിനും വെട്ടിയാര്‍ തുളസിഭവനില്‍ ദേവികാദാസും മെയ് ആറിനാണ് പന്തളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വിവാഹിതരായത്. പ്രായപൂര്‍ത്തിയാവാത്ത ദേവികയുമായി ഒളിച്ചോടിപ്പോയതിന് കുറത്തികാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു.

എന്നാല്‍, യുവാവിനോടൊപ്പം പോകാന്‍ യുവതി താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നതിനാല്‍ കോടതി ചേര്‍ത്തലയിലെ ബാലമന്ദിരത്തില്‍ താമസിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് യുവതി എറണാകുളത്തുള്ള സ്വകാര്യ മാളില്‍ ജോലിയും ചെയ്തിരുന്നു.

രണ്ടുമാസം മുന്‍പാണ് ജിതിനും ദേവികയും വിവാഹിതരായത്. വിവാഹശേഷമാണ് ചെന്നിത്തലയില്‍ വാടകവീട് കണ്ടെത്തിയത്. പതിവുപോലെ ജിതിന്‍ പെയിന്റിങ് ജോലിക്കെത്താതിരുന്നതോടെ ചൊവ്വാഴ്ച കരാറുകാരന്‍ വീട്ടില്‍വന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

യുവാവ് തൂങ്ങിമരിച്ച നിലയിലും യുവതി കട്ടിലില്‍ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. മൃതദേഹങ്ങള്‍ കാണപ്പെട്ട മുറിയില്‍നിന്ന് രണ്ട് കത്തുകള്‍ പോലീസ് കണ്ടെടുത്തു.

ഇതില്‍ ജിതിന്റേതെന്ന് കരുതുന്ന ദേവികയുടെ പേര്‍ക്കെഴുതിയ കത്തില്‍, താന്‍ ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളിലാണന്നും നിനക്ക് ഒരുപാട് ആഗ്രഹങ്ങള്‍ കാണുമെന്നും ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ലെന്നും എന്നോട് ക്ഷമിക്കൂ എന്നും എഴുതിയിട്ടുണ്ട്.

ആഗ്രഹിച്ച ജീവിതമല്ല എനിക്ക് ലഭിച്ചതെന്നും ഏറ്റവും മോശമായ സാഹചര്യത്തിലാണ് താന്‍ പോയതെന്നും എഴുതിയ മറ്റൊരു കത്തും കിട്ടിയിട്ടുണ്ട്. അതേസമയം, മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ വ്യക്തമാകൂയെന്ന് മാന്നാര്‍ സി.ഐ. ബിനു പറഞ്ഞു.

Exit mobile version