മുഖ്യമന്ത്രി സ്വപ്‌നയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഗവർണർ; മാറിപ്പോയതെന്ന് വിശദീകരണം

തിരുവനന്തപുരം: രാഷ്ട്രീയമായ ഇടപെടൽ നടത്തി ഗവർണർ വിവാദത്തിൽ. മുഖ്യമന്ത്രി പിണറായി വിജയനും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവെച്ചത്. എന്നാൽ അരമണിക്കൂറിന് ശേഷം ചിത്രം ഗവർണർ പിൻവലിച്ചു. രാജ്ഭവനിൽ നടന്ന ഒരു ചടങ്ങിലെ ചിത്രമെന്ന തരത്തിലാണ് ഗവർണർ ട്വീറ്റ് ചെയ്തത്. ജൂലൈ അഞ്ചിന് ജീവൻരംഗ് സംഘടിപ്പിച്ച ഓൺലൈൻ ക്‌നോളേജ് സീരീസിൽ ഗവർണർ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാൽ ചിത്രം പിൻവലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവൻ നൽകിയ വിശദീകരണം.

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് ബന്ധമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കേസിൽ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റവും വലിയ സ്വർണ്ണക്കടത്താണ് നടന്നതെന്നും അത് ഫലപ്രദമായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് അക്കാര്യത്തിൽ ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ട്. ഏത് സംഭവം നടന്നാലും മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version