ലോക്ക്ഡൗണിൽ സവാരി കുറഞ്ഞു; വരുമാനം നിലച്ചതോടെ ഓട്ടോയുമായി മീൻ കച്ചവടത്തിന് ഇറങ്ങി വീട്ടമ്മ; ഇപ്പോൾ ലാഭം ഇരട്ടി; അതിജീവനം ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് ടൗണിൽ ഓട്ടോ ഓടിച്ചിരുന്ന വീട്ടമ്മ ലോക്ക്ഡൗണിലെ പ്രതിസന്ധി പുതിയ അവസരമാക്കി മാറ്റി അതിജീവനത്തിന്റെ മാതൃക തീർത്തിരിക്കുകയാണ്. എല്ലാ ഓട്ടോക്കാരെ പോലെയും വരുമാനം നിലച്ച് ലോക്ക് ഡൗണിൽ കഷ്ടപ്പാടിലായപ്പോഴാണ് കൂരച്ചുണ്ട് സ്വദേശിയായ ജെറ്റിൽ ജോസ് സ്വന്തം ഓട്ടോറിക്ഷയുമായി മീൻ കച്ചവടത്തിനിറങ്ങിയത്. മീൻ കച്ചവടം പച്ചപിടിച്ചതോടെ ജെറ്റിലിന് ഇരട്ടി സന്തോഷം. കാരണം സവാരി പോകുന്നതിനേക്കാൾ ലാഭം മീൻ വിൽപ്പനയിലൂടെ ഉണ്ടാക്കാനാകുമെന്നാണ് ജെറ്റിലിന്റെ അനുഭവം.

രാവിലെ ഏഴിന് ഓട്ടോറിക്ഷയുമായി ജെറ്റിൽ ജോസ് ഇറങ്ങും, സവാരിക്കായി അല്ല, മീൻകച്ചവടത്തിന്. രാവിലെ തുടങ്ങുന്ന കച്ചവടം 12 മണിയാകുമ്പോഴേക്കും തീരും. കുറച്ച് മീനേ ഉള്ളൂ പെട്ടിയിൽ. എങ്കിലും സ്ഥിരം വാങ്ങുന്നവർ ചേച്ചിയെ കാത്ത് നിൽക്കുന്നുണ്ട്. ഒരുമാസം മുമ്പാണ് ജെറ്റിൽ മീൻകച്ചവടം തുടങ്ങിയത്. ഓട്ടോറിക്ഷയിൽ നിന്ന് വരുമാനം പൂർണ്ണമായി നിലച്ച് നാലംഗ കുടുംബം പട്ടിണിയാകുമെന്ന ഘട്ടമെത്തിയതോടെയാണ് വഴിമാറി ചിന്തിച്ചതെന്ന് ഈ വീട്ടമ്മ പറയുന്നു. ഇളയമകൻ പവിജിതിനെയും സഹായത്തിനായി കൂട്ടി. ലോക്ഡൗൺ ഇളവിൽ ഓട്ടോറിക്ഷ ഇറക്കിയപ്പോൾ 150 ഉം ഇരുന്നൂറുമൊക്കെയായിരുന്നു ദിനംപ്രതി കിട്ടികൊണ്ടിരുന്നത്. മീൻകച്ചവടത്തിലേയ്ക്ക് തിരിഞ്ഞതോടെ ഉച്ചയാകുന്നതിന് മുമ്പേ 850 രൂപയെങ്കിലും കിട്ടുമെന്ന് ജെറ്റിൽ പറയുന്നു.

Exit mobile version