ചൈനാ പേര് വേണ്ട: ചൈനാമുക്കിന്റെ പേരിനെ ചൊല്ലി വിവാദം

കോന്നി: ഇന്ത്യ-ചൈന അതിര്‍ത്തി കലുഷിതമായിരിക്കെ പത്തനംതിട്ടയിലെ മലയോര ഗ്രാമമായ കോന്നിയിലും ചൈനയുടെ പേരിലുള്ള സ്ഥലനാമത്തെ ചൊല്ലി വാദപ്രതിവാദ യുദ്ധം. കോന്നി ടൗണിന്റെ തൊട്ടടുത്തുള്ള ജംക്ഷനായ ‘ചൈനാമുക്കാണ്’ വിവാദത്തിലായിരിക്കുന്നത്.

ചൈനീസ് പട്ടാളത്തിന്റെ പ്രാകൃത രീതിയിലുള്ള ആക്രമണത്തില്‍ നമ്മുടെ 20 ധീരജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പശ്ചാത്തലത്തില്‍ ചൈനയുടെ പേരിലുള്ള ഒരു സ്ഥലം ഇവിടെ വേണ്ടെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ ഇന്ത്യ-ചൈന വിഷയങ്ങള്‍ മുന്‍നിര്‍ത്തി ചൈനാമുക്കിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചൈനയുടെ പതാക കത്തിക്കുകയും തുടര്‍ന്ന് പ്രസിഡന്റിന് കത്ത് നല്‍കുകയുമായിരുന്നു.

എന്നാല്‍, വൈസ് പ്രസിഡന്റ് മുന്നോട്ടുവെച്ച പ്രമേയം കോന്നി പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്തില്ലെന്ന് പ്രസിഡന്റ് എം രജനി പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള പ്രമേയങ്ങളില്‍ അടിയന്തര യോഗവും അല്ലാത്ത വിഷയങ്ങളില്‍ ഏഴു ദിവസത്തിനുള്ളില്‍ യോഗം ചേരണം എന്നുമാണ് നിയമം.

എന്നാല്‍, പ്രമേയത്തിന് നോട്ടീസ് നല്‍കി ഏഴു ദിവസം തികയുമ്പോഴും യോഗം ചേര്‍ന്നിട്ടില്ല. ഭരണസമിതിയോടോ യുഡിഎഫിനോടോ ആലോചിക്കാതെയാണ് യുഡിഎഫ് പ്രതിനിധി പേര് മാറ്റം സംബന്ധിച്ച് പഞ്ചായത്തിന് നോട്ടീസ് നല്‍കിയതെന്ന അതൃപ്തി യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തില്ലെന്ന് യുഡിഎഫ് അംഗങ്ങളും അറിയിച്ചു.1951ലെ ദേശീയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയില്‍ എത്തിയ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് കമ്യൂണിസ്റ്റ് കോട്ടയായ ജങ്ഷന് ചൈനാമുക്ക് എന്ന് പേര് നല്‍കിയത്.

എന്നാല്‍, അന്ന് കോന്നിയിലെ പ്രമുഖര്‍ ചൈനാമുക്കില്‍ ഒത്തുചേര്‍ന്നപ്പോള്‍ കോന്നിയൂര്‍ ദാമോദരനാണ് ചൈനാമുക്ക് എന്ന പേര് നല്‍കിയതെന്ന് അവകാശമുന്നയിച്ച് ചില സാംസ്‌കാരിക നായകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ശ്രീനാരായണ ഗുരു നേരിട്ട് രജിസ്റ്റര്‍ ചെയ്തതാണ് കോന്നി 82ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയെന്നും ഈ സ്ഥലത്തിന്റെ പേര് മാറ്റുകയാണെങ്കില്‍ ഇത് ഗുരുദേവ ജങ്ഷനെന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം സാഹിത്യ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ട്.

Exit mobile version