ഈ കാലഘട്ടത്തിലാണ് മുഹമ്മദ് നബി ജനിച്ചിരുന്നതെങ്കില്‍ നമ്മള്‍ അടിക്കുന്ന ഒരോ ലിറ്റര്‍ പെട്രോളിലും അത് കൊണ്ട് കഴിക്കുന്ന മറ്റൊരാളുടെ പേരും എഴുതിയിട്ടുണ്ട് എന്ന് അദ്ദേഹം ഉറപ്പായും പറയുമായിരുന്നു, ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് ബിജെപി നേതാവ്, വിചിത്ര വാദം

തിരുവനന്തപുരം: മൂന്നാഴ്ച്ചക്ക് ശേഷം ഇന്ന് മാത്രമാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധനവില്ലാത്തത്. 21 ദിവസം കൊണ്ട് പെട്രോളിന് 9.13 രൂപയും ഡീസലിന് 14. 42 രൂപയുമാണ് വര്‍ധിച്ചത്. ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോള്‍ വിലവര്‍ധനവിനെ ന്യായീകരിച്ച് വിചിത്ര പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശിവശങ്കര്‍.

വലിയ വില നല്‍കി പെട്രോളും ഡീസലും അടിക്കേണ്ടി വരുന്നുണ്ടെങ്കിലും അവരറിയാതെ ആ പണത്തില്‍ നിന്ന് ഒരു വിഹിതം രാജ്യത്തെ ദരിദ്രന് വേണ്ടി പോവുന്നുണ്ടെന്നായിരുന്നു ശിവങ്കരന്റെ വാദം. കഴിഞ്ഞദിവസം രാത്രി ഒരു ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘പെട്രോള്‍ അടിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പണം ചിലവാകുന്നുണ്ടെന്നത് സത്യം തന്നെ. പക്ഷെ അവര് അടിക്കുമ്പോള്‍ അവരറിയാതെ ഒരു നല്ല വിഹിതം എവിടെയോ അധ്വാനിക്കുന്ന, പാവപ്പെട്ട, കഷ്ടപ്പെടുന്ന അരിയില്ലാത്ത ഒരു വ്യക്തിക്ക് ഭക്ഷണം നല്‍കുന്നുവെന്ന് ബോധ്യപ്പെടുത്തിയാല്‍ ഈ അടിക്കുന്ന പെട്രോളൊന്നും വലിയ ബാധയായി അവര്‍ കരുതില്ല’-ശിവശങ്കര്‍ പറയുന്നു.

ജനങ്ങളെ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങളും ഞങ്ങളുടെ കൂടെ നിന്നാല്‍ കുറച്ച് കൂടി സൗകര്യമാവുമെന്നും അവതരാകന്റെ ചോദ്യത്തിന് മറുപടിയായി ശിവശങ്കര്‍ വ്യക്തമാക്കി. നമ്മള്‍ കഴിക്കുന്ന ഒരോ അരി മണിയിലും ഗോതമ്പിലും അത് കഴിക്കുന്ന ആളുടെ പേര് എഴുതിവെച്ചിട്ടുണ്ടെന്നാണ് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നത്.

അതേ പോലെ ഈ കാലഘട്ടത്തില്‍ മുഹമ്മദ് നബി ജനിച്ചിരുന്നെങ്കില്‍ നമ്മള്‍ അടിക്കുന്ന ഒരോ ലിറ്റര്‍ പെട്രോളിലും അത് കൊണ്ട് കഴിക്കുന്ന മറ്റൊരാളുടെ പേരും എഴുതിയിട്ടുണ്ട് അദ്ദേഹം ഉറപ്പായും പറയുമായിരുന്നെന്നും ശിവശങ്കരന്‍ അഭിപ്രായപ്പെട്ടു.

Exit mobile version