കടിഞ്ഞാണില്ലാതെ കുതിച്ച് ഇന്ധനവില: ബൈക്ക് വിറ്റ് കുതിരയെ വാങ്ങിച്ച് യൂസഫ്, യാത്രാചെലവില്‍ അയ്യായിരം രൂപയോളം ലാഭം

ഇന്ധനവില കടിഞ്ഞാണില്ലാതെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടിഞ്ഞാണിട്ട് പോകുന്ന കുതിരയെ വാങ്ങിച്ചിരിക്കുകയാണ് ഔറംഗാബാദ് സ്വദേശിയായ ശൈഖ് യൂസഫ്.

വിലവര്‍ധന പിടിത്തംവിട്ടപ്പോള്‍ ബൈക്കിനെ ഉപേക്ഷിച്ച് ഇപ്പോള്‍ കുതിരപ്പുറത്താണ് 49-കാരനായ യൂസഫിന്റെ യാത്രകള്‍. വൈബി ചവാന്‍ കോളേജ് ഓഫ് ഫാര്‍മസിയില്‍ ലാബ് അസിസ്റ്റന്റായി ജോലിനോക്കുന്ന യൂസഫ് കുതിരപ്പുറത്താണ് ജോലിക്ക് പോകുന്നത്. ജിഹാര്‍ എന്നാണ് കുതിരയുടെ പേര്.

വാഹനങ്ങള്‍ അതിവേഗത്തിലോടുന്ന നിരത്തില്‍ വശം ചേര്‍ന്ന് കുതിരയെ ഓടിച്ചുപോകുന്ന യൂസഫ് ഇപ്പോള്‍ നഗരത്തിന്റെ പതിവുകാഴ്ചയാണ്. ഗോഡാവാല (കുതിരപ്പുറത്ത് സഞ്ചരിക്കുന്നവന്‍) എന്നാണ് യൂസഫിനെ ആളുകള്‍ വിളിയ്ക്കുന്നത്.

അതോടെ വിശേഷണവും യൂസഫിന് ലഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് യൂസഫിന് ജോലി നഷ്ടപ്പെട്ടിരുന്നു. അന്ന് പച്ചക്കറി വിറ്റാണ് കുടുംബത്തെ പോറ്റിയത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കോളേജ് അധികൃതര്‍ ജോലിക്ക് ഹാജരാവാന്‍ നിര്‍ദേശിച്ചു. ആ സമയത്താണ് ഔറംഗാബാദില്‍ ഇന്ധനവില ലിറ്ററിന് 111 രൂപയായി ഉയര്‍ന്നത്. ഈ സമയം ബൈക്കും കേടായി. അപ്പോഴാണ് യാത്രാവാഹനം കുതിരയാക്കിയാലോ എന്ന് ആലോചിച്ചതെന്ന് യൂസഫ് പറയുന്നു

ബൈക്ക് വിറ്റുകിട്ടിയ തുക കൂടാതെ കൂട്ടുകാരില്‍ നിന്ന് വായ്പയെടുത്ത് 40,000 രൂപയ്ക്കാണ് ഒരു ബന്ധുവില്‍ നിന്ന് യൂസഫ് കുതിരയെ വാങ്ങിയത്. വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് കോളേജ്. ബൈക്കില്‍ പോയി വരുന്നതിന് മാസംതോറും 6000 രൂപ ചെലവാകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു.

യാത്ര കുതിരപ്പുറത്തായതോടെ ചെലവ് കുറഞ്ഞു. മാസം 1200 രൂപ മാത്രമാണ് ഇപ്പോള്‍ ചെലവ്. ഇനി ബൈക്കിലേക്ക് മടക്കമില്ലെന്നും ആരോഗ്യത്തിനും നല്ലത് കുതിരസവാരി തന്നെയാണെന്നും യൂസഫ് സാക്ഷ്യപ്പെടുത്തുന്നു.

Exit mobile version