പണച്ചെലവ് നോക്കിയില്ല, 22.65 ലക്ഷം രൂപ മുടക്കി കറുത്ത കുതിരയെ വാങ്ങി; കുളിപ്പിച്ചപ്പോൾ ചുവപ്പായി; പരാതിയുമായി യുവാവ്

ചണ്ഡിഗഢ്: വിലയേറെ ഉണ്ടായിട്ടും അതൊന്നും കണക്കാക്കാതെ ലക്ഷങ്ങൾ മുടക്കി കറുത്ത കുതിരയെ വാങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കുളിപ്പിച്ചപ്പോൾ കുതിരയുടെ നിറം ഒലിച്ചു പോയി. പഞ്ചാബ് സ്വദേശിയായ യുവാവാണ് കബളിപ്പിക്കപ്പെട്ടത്. 22.65 ലക്ഷം മുടക്കിയാണ് ഇയാൾ കറുത്ത നിറത്തിലുളള കുതിരയെ വാങ്ങിയത്. എന്നാൽ വീട്ടിലെത്തിച്ച് കുളിപ്പിച്ചപ്പോൾ കറുത്ത കുതിര ചുവന്ന കുതിരയായി മാറുകയായിരുന്നു.

സംഗ്രുർ ജില്ലയിലെ സുനം പട്ടണത്തിൽ തുണിക്കട നടത്തുന്ന രമേശ് കുമാർ ആണ് കുതിരയെ വാങ്ങിയത്. കുതിരയെ വിൽപന നടത്തുന്ന ജതീന്ദർ പാൽ സിംഗ് സെഖോൺ, ലഖ്വീന്ദർ സിംഗ്, ലച്റാ ഖാൻ എന്നിവരാണ് തനിക്ക് കുതിരയെ വിറ്റതെന്ന് രമേശ് കുമാർ പോലീസിനോട് പറഞ്ഞു. മാർവാരി ഇനത്തിലുളള സ്റ്റാലിയൻ കുതിര എന്ന വ്യാജേനെയാണ് ഇവർ കുതിരയെ രമേശ് കുമാറിന് നൽകിയത്.

കറുത്ത നിറം ഒലിച്ചു പോവുകയും കുതിരയുടെ യഥാർത്ഥ നിറമായ ചുവപ്പ് കണ്ടതോടെ നിരാശനായെന്ന് രമേശ് കുമാർ പറയുന്നു. കുതിര ഫാം തുടങ്ങാനാണ് താൻ കറുത്ത കുതിരയെ തന്നെ വാങ്ങിയതെന്നും രമേശ് കുമാർ പറഞ്ഞു.

also read- നിജിലിന്റെ ഭാര്യയുടെ സുഹൃത്താണ് രേഷ്മ, പ്രതിക്ക് വാടകയ്ക്ക് വീട് നൽകിയത് എഗ്രിമന്റ് തയ്യാറാക്കി, സൈബർ ആക്രമണങ്ങൾക്കെതിരെ കുടുംബം

അതേസമയം, പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ ഇനത്തിൽപ്പെട്ട കുതിരകളെ വിൽപന നടത്തി പ്രതികൾ എട്ട് പേരെയും കബളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

also read- അന്ന് അപകടത്തിൽപ്പെട്ട ഡ്രൈവർ സഹായത്തിനായി കൈ ഉയർത്തിയപ്പോൾ വാച്ച് മോഷ്ടിച്ചു; ഇന്ന് മൃതദേഹങ്ങൾ റോഡിൽ നിന്ന് നീക്കാൻ പോലും കൂട്ടാക്കാതെ ആംബുലൻസുകളും

Exit mobile version