രഹ്‌ന ഫാത്തിമ മുൻകൂർ ജാമ്യം തേടി

കൊച്ചി: രഹ്‌ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടിയാണ് രഹ്‌ന കോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും ജാമ്യാപേക്ഷയിൽ അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കഴിഞ്ഞദിവസം ഇവരുടെ കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ അവർ വീട്ടിലില്ലെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞതിനെ തുടർന്ന് മടങ്ങി പോയി.

നഗ്‌നശരീരം പ്രായപൂർത്തിയാകാത്ത മകന്് ചിത്രം വരയ്ക്കാനായി വിട്ടു നൽകുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് രഹ്നക്കെതിരെ കേസെടുത്തത്. ബാലവാകാശ കമ്മീഷനും വിഷയത്തിൽ കേസെടുത്തിട്ടുണ്ട്.

കേസെടുത്തതിനെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ അവർ നിയമങ്ങൾ പാലിച്ച് തന്നെയാണ് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിലിട്ടതെന്നും യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും പറഞ്ഞിരുന്നു. ‘സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള മിഥ്യാ ധാരണകൾക്കുമെതിരെ’ എന്ന ക്യാപ്ഷനോടെയാണ് രഹ്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.

എന്നാൽ കുട്ടികൾക്കുമുമ്പിൽ നഗ്നത പ്രദർശിപ്പിക്കുന്നതും അത് പകർത്തി സാമൂഹ്യമാധ്യമത്തിലിടുന്നതും കുറ്റകരമാണെന്ന് കാണിച്ച് ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ എവി അരുൺ പ്രകാശാണ് പരാതി നൽകിയത്.

Exit mobile version