മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്ന് സർക്കാർ; അഞ്ചുവർഷം തടവ് കിട്ടാവുന്ന കേസിൽ തൊണ്ടിമുതൽ ഇല്ലാതെ കുറ്റപത്രം

Mohanlal

കൊച്ചി: നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസിൽ നിന്നും പിന്മാറാൻ ഒരുങ്ങി സർക്കാർ. താരത്തിന് എതിരായ പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് സർക്കാർ ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്. മോഹൻലാൽ അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചെന്നാണ് കേസ്. അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹൻലാലിനെതിരെ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. തൊണ്ടിമുതൽ ഇല്ലാതെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് പിൻവലിക്കാൻ അനുമതി തേടിയത്. കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു, കേസ് കോടതിയുടെ അനുമതിയോടെ പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്നാണ് സർക്കാർ അപേക്ഷയിൽ പറഞ്ഞിരിക്കുകയാണ്.

കേസ് പിൻവലിക്കുവാനായി മോഹൻലാൽ നേരത്തെ അപേക്ഷകൾ നൽകിയിരുന്നു. 2016 ജനുവരി 31നും 2019 സെപ്തംബർ 20നുമായിരുന്നു അപേക്ഷകൾ നൽകിയത്. 2019 ഓഗസ്റ്റിൽ ചീഫ് വൈൽഡ് വാർഡനും കേസ് സംബന്ധിച്ച് സർക്കാരിന് കത്തെഴുതിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനമെന്നാണ് വിവരം. 2012ലാണ് തേവരയിലെ മോഹൻലാലിന്റെ വീട്ടിൽനിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴുവർഷത്തിനുശേഷം പോലീസ് കുറ്റപത്രം സമർപ്പിച്ചു.

Exit mobile version