പരിധിക്കപ്പുറമുള്ള കാര്യങ്ങൾ കേന്ദ്രവുമായി ആലോചിക്കാതെ പ്രഖ്യാപിച്ച് അപഹാസ്യനാകുന്നു; പ്രവാസികളുടെ വരവ് മുഖ്യമന്ത്രി മുടക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളേയും പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച സംസ്ഥാനത്തിന്റെ നിലപാടിനേയും ചോദ്യം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരുമായി ആലോചിക്കാതെ സ്വയം പ്രഖ്യാപിച്ച് അപഹാസ്യനാവുകയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ പരിഹസിച്ചു. തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരിച്ചുവരുന്ന എല്ലാവരും കൊവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ ഇപ്പോൾ പിപിഇ കിറ്റ് മതിയെന്നാണ് പറയുന്നത്. പിപിഇ കിറ്റുള്ളവർക്ക് തിരിച്ചുവരാം എന്നു പറയുന്ന മുഖ്യമന്ത്രി കിറ്റ് ആര് കൊടുക്കുമെന്നും എങ്ങനെ കൊടുക്കുമെന്നും പറയാതെ ഉരുണ്ട് കളിക്കുകയാണ്. കിറ്റ് വിമാനകമ്പനി കൊടുക്കുമെന്ന് പറയുന്ന സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്താൻ തയ്യാറാവുന്നില്ലെന്നും പ്രശ്‌നം വഷളാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

നോർക്ക വഴി രജിസ്റ്റർ നടത്താൻ പറഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികളെ സർക്കാർ എന്തിനാണ് പറ്റിച്ചതെന്ന് സുരേന്ദ്രൻ ചോദിച്ചു. കൊവിഡ് പോസിറ്റീവായവരെ പ്രത്യേക വിമാനത്തിൽ എത്തിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് വിഴുങ്ങി. പിന്നീടും മണ്ടത്തരങ്ങളുടെയും തിരുത്തലുകളുടേയും ഘോഷയാത്രയായിരുന്നു. ഇങ്ങനെ തുടർച്ചയായി തീരുമാനങ്ങൾ മാറ്റിയ ഏതെങ്കിലും സംസ്ഥാന സർക്കാരുണ്ടോയെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ഇടയ്ക്കിടെ നിലപാട് മാറ്റി പറയുന്നതിലൂടെ പ്രവാസികളുടെ മടങ്ങിവരവ് മുടക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഒരു ലക്ഷത്തോളം വരുന്ന മലയാളികൾ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Exit mobile version