രഹന ഫാത്തിമയുടെ ഉദ്ദേശം എന്താണെന്നറിയില്ല, പക്ഷേ കുട്ടിയുടേത് സ്വപ്നങ്ങള്‍ വിടരേണ്ട പ്രായമാണ്, അവനിലെ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ; രഹ്ന ഫാത്തിമ സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് സൈക്കോളജിസ്റ്റ് കല

കൊച്ചി: തന്റെ നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പോലീസ് കേസെടുക്കുകയും ചെയ്തു.

സ്ത്രീ ശരീരത്തെ കുറിച്ചുളള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള മിഥ്വാധാരണകള്‍ക്കും എതിരെ എന്ന കുറിപ്പോടെയാണ് രഹ്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സംഭവത്തില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയില്‍ രഹ്നയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ രഹ്നയെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കല. രഹ്ന ഫാത്തിമ, അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ചോട്ടെ, നഗ്‌നത അശ്ലീലം അല്ല. പക്ഷെ, കുട്ടികളുടെ ഇടയില്‍ നില്‍ക്കുന്ന കൗണ്‍സിലര്‍ എന്ന നിലയ്ക്ക് എന്റെ മനഃശാസ്ത്രപരമായ അറിവില്‍ അവരുടെ മകന് കാര്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്ന തലത്തില്‍ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്ന് കല പറയുന്നു.

ഇതേ പ്രായത്തിലെ ഭൂരിപക്ഷം കുട്ടികളുടെ മാനസികാവസ്ഥ ചിന്തിച്ചുകൊണ്ട് പറയുന്നു, അവന്‍ ഇടപെടുന്ന മറ്റു കുട്ടികളുടെ ഇടയില്‍ നിന്നും അവന്‍ മാറ്റിനിര്‍ത്തപ്പെട്ടാല്‍, ഭാവിയില്‍ അവന്റെ മാനസിക ആരോഗ്യത്തിന് അത് ഗുണം ചെയ്യില്ലെന്ന് കല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെ മനസ്സ് കുറ്റപ്പെടുത്തലുകള്‍ ആയി പാകപ്പെടാന്‍ സമയമെടുക്കും. ഭൂരിപക്ഷംപേരുടെ ധാര്‍മ്മികതയും തന്റെ കുടുംബത്തിന്റെ മൂല്യങ്ങളില്‍ ഉള്ള വ്യത്യാസവും അവന്റെ ചിന്തകളില്‍ അസ്വസ്ഥത ഉണ്ടാക്കിയാല്‍,
അതിനെ ശെരിയാക്കി എടുക്കാന്‍ അവന്റെ അമ്മ വിജയിക്കട്ടെയെന്നും കല കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രഹ്ന ഫാത്തിമ, അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ചോട്ടെ..
നഗ്‌നത അശ്ലീലം അല്ല…
പക്ഷെ,
കുട്ടികളുടെ ഇടയില്‍ നില്‍ക്കുന്ന കൗണ്‍സിലര്‍ എന്ന നിലയ്ക്ക് എന്റെ മനഃശാസ്ത്രപരമായ അറിവില്‍
അവരുടെ മകന് കാര്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്ന തലത്തില്‍ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല..

ഇതേ പ്രായത്തിലെ ഭൂരിപക്ഷം കുട്ടികളുടെ മാനസികാവസ്ഥ ചിന്തിച്ചു ഞാന്‍ പറയുന്നു..
അവന്‍ ഇടപെടുന്ന മറ്റു കുട്ടികളുടെ ഇടയില്‍ നിന്നും അവന്‍ മാറ്റിനിര്‍ത്തപ്പെട്ടാല്‍, ഭാവിയില്‍ അവന്റെ മാനസിക ആരോഗ്യത്തിന് അത് ഗുണം ചെയ്യില്ല…

കുട്ടികളുടെ മനസ്സ് കുറ്റപ്പെടുത്തലുകള്‍ ആയി പാകപ്പെടാന്‍ സമയമെടുക്കും..
ഭൂരിപക്ഷംപേരുടെ ധാര്‍മ്മികതയും തന്റെ കുടുംബത്തിന്റെ മൂല്യങ്ങളില്‍ ഉള്ള വ്യത്യാസവും അവന്റെ ചിന്തകളില്‍ അസ്വസ്ഥത ഉണ്ടാക്കിയാല്‍,
അതിനെ ശെരിയാക്കി എടുക്കാന്‍ അവന്റെ അമ്മ വിജയിക്കട്ടെ..

ലൈംഗിക അരാജകത്വം നിറഞ്ഞ സമൂഹത്തില്‍ അവന്റെ അമ്മയെ പറ്റിയുള്ള സങ്കല്പം അവനെ തളര്‍ത്തിയാല്‍ അതിശയം ഇല്ല…
കുത്ത് വാക്കുകളെയും, കുറ്റപ്പെടുത്തലുകളെയും അവന്റെ മനസ്സില്‍ പോറല്‍ ഏല്‍ക്കാതെ വളര്‍ത്തി കൊണ്ട് വരണം…
വിഷയം ലൈംഗികത ആയത് കൊണ്ട് തന്നെ അതൊരു പൊള്ളുന്ന പ്രശ്‌നം ആയിത്തീരും..

ശെരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാക്കാന്‍ ആണ് അവന്റെ അമ്മ ശ്രമിക്കുന്നത് എങ്കില്‍,
മറിച്ചു അവനില്‍ മാനസികമായ പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചാല്‍ ആരാണ് ഉത്തരവാദി?

സ്വപ്നങ്ങള്‍ വിടരേണ്ട പ്രായമാണ്…
ഓരോ സമൂഹത്തിന്റെയും കീഴ്വഴക്കങ്ങള്‍ക്ക് എതിരെ നടക്കുന്നവന്റെ നേര്‍ക്ക് നൂറായിരം വിരലുകള്‍ ചൂണ്ടും…
അതിനെ അതിജീവിക്കാന്‍ സാമാന്യമായ മാനസിക കരുത്ത് പോരാ…

രഹന ഫാത്തിമയുടെ ഉദ്ദേശം, എന്താണെന്നു വ്യക്തമല്ല.
പക്ഷെ, മകനെ സമൂഹത്തിലെ കാഴ്ചവസ്തു ആക്കി മാറ്റിയാല്‍,
അവന്റെ കുട്ടി മനസ്സില്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചിലപ്പോള്‍ നിസ്സാരമാകണമെന്നില്ല…

ഞാന്‍ രഹന ഫാത്തിമയുടെ പല നിലപാടിനെയും അവരെയും ബഹുമാനിക്കുന്നു…
എന്റെ ശെരി ആകണമെന്നില്ലല്ലോ അവരുടേത്..

അവരുടെ മകനാണ്, അവര്‍ക്ക് അറിയാം വളര്‍ത്താനും…
തന്റേടം ഉള്ള സ്ത്രീയാണ് അവര്‍..
അവര്‍ അവനു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ആണ് മുന്നോട്ട് പോകുന്നതെങ്കില്‍, മകന്റെ മാനസിക ആരോഗ്യം നന്നായി കൊണ്ട് പോകാനും അവര്‍ക്ക് പറ്റും…
വ്യക്തിത്വം രൂപപ്പെടേണ്ട സമയം ആണ്,
അവനിലെ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ..??

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

Exit mobile version