തൃശ്ശൂരിൽ ഭർതൃവീട്ടിൽ നവവധു മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച; അന്തിക്കാട്ടെ എസ്‌ഐയ്ക്കും സിഐയ്ക്കും സസ്‌പെൻഷൻ

തൃശ്ശൂർ: പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്കും എസ്‌ഐക്കും സസ്‌പെൻഷൻ. അന്തിക്കാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. നോർത്ത് സോൺ ഐജിയുടേതാണ് നടപടി.

ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്രുതി ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വീട്ടുകാർ അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. എന്നാൽ, ബന്ധുക്കളുടെ ആരോപണത്തിൽ വേണ്ടത്ര ഗൗരവത്തിൽ അന്വേഷണം നടത്താത്തതിനാണ് സിഐ പികെ മനോജിനെയും, എസ്‌ഐ കെ ജെ ജിനേഷിനെയും സസ്‌പെന്റ് ചെയ്തത്.

ഗൗരവമേറിയ കേസ് എസ്‌ഐയിൽ നിന്ന് സിഐ ഏറ്റെടുക്കാത്തത് വലിയ വീഴ്ചയായാണ് മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥിന്റെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് നടപടി. ശ്രുതിയുടെ മരണം ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. നേരത്തെ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ 22 നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.

Exit mobile version