സജീഷിന്റെ ഓഫീസിലേക്ക് മാർച്ച്; കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു; പ്രതിഷേധത്തെ തള്ളി മുല്ലപ്പള്ളി

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയെ ചോദ്യം ചെയ്തതിന് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസ്. കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുകയും ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതിനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്.

ഡിസിസി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരെ പെരുവണ്ണാമുഴി പോലീസാണ് കേസെടുത്തത്. കൂത്താളി പിഎച്ച്‌സി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.

ആരോഗ്യമന്ത്രി കെകെ ശൈലജയെ കൊവിഡ് റാണിയെന്നും നിപ്പാ രാജകുമാരിയെന്നും വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സജീഷ് രംഗത്തെത്തിയത്. ലിനിയുടെ മരണത്തിന് ശേഷം ആശ്വാസമായി എത്തിയത് കെകെ ശൈലജ ടീച്ചറായിരുന്നു എന്നും മുല്ലപ്പള്ളി അന്ന് സ്ഥലം എംപിയായിരുന്നിട്ടു പോലും ഒന്ന് വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്നും സജീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്.

സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടരുതെന്ന് ശനിയാഴ്ചയിലെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും താക്കീത് ചെയ്തിരുന്നു.

അതേസമയം, കോൺഗ്രസ് പ്രതിഷേധം തന്റെ അറിവോടെയല്ല എന്ന നിലപാടിലാണ് മുല്ലപ്പള്ളി. സജീഷിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ മുല്ലപ്പള്ളി കോഴിക്കോട് ഡിസിസിയേയും യൂത്ത് കോൺഗ്രസ് നേതൃത്വത്തേയും അതൃപ്തി അറിയിച്ചിരുന്നു.

Exit mobile version