മതിയായ ചികിത്സയും പരിചരണവും ലഭിച്ചില്ല; ആശുപത്രിയിൽ വെച്ച് പരാതിപ്പെട്ടെന്ന് കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം

കണ്ണൂർ: കൊവിഡ് വ്യാപനം കണ്ണൂരിൽ രൂക്ഷമായിരിക്കെ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് പരാതികൾ ഉയരുന്നു. കൊവിഡ് ബാധിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ സുനിലിന്റെ കുടുംബം മതിയായ ചികിത്സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമായി രംഗത്തെത്തി. കൊവിഡ് സ്ഥിരീകരിച്ച് രണ്ടുദിവത്തിനകമാണ് സുനിലിന്റെ മരണം സംഭവിച്ചത്. വിഷയത്തിൽ സുനിലിന് നൽകിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ പറയുന്ന ഫോൺ റെക്കോർഡ് കുടുംബം പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്‌സൈസ് ഡ്രൈവർ സുനിലിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. തിങ്കളാഴ്ച ഐസിയുവിൽ നിന്നും ബന്ധുവിന് സുനിൽ അയച്ച ഓഡിയോ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. ആരോപണം പക്ഷെ പരിയാരം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിക്കുകയാണ്.

ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിൻറെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരിക്കുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ചയാണ് സുനിൽ മരണത്തിന് കീഴടങ്ങിയത്.

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന 28 കാരൻ മരിച്ചതിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. അതേസമയം സുനിലിനും കണ്ണൂർ ടൗണിലെ ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്ന 14 കാരനും രോഗബാധയുണ്ടായത് സംബന്ധിച്ച് ഒരു സൂചനയും ഇല്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. രോഗം ബാധിച്ചവർ വിശദാംശങ്ങൾ പറയാത്തത് കണ്ണൂരിൽ പ്രതിസന്ധിയാണെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് പറയുന്നു.

Exit mobile version