കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലം; ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇപി ജയരാജന്‍. കഴിഞ്ഞ ദിവസം ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ജില്ലയില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനില്‍ കുമാര്‍(28) കൊവിഡ് ബാധിച്ച് മരിച്ചത്. മട്ടന്നൂരിലെ എക്‌സൈസ് ഡ്രൈവറായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 13 നാണ് പനിയെ തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസ കോശത്തിന്റെയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 7.30 ഓടെയാണ് മരണം സംഭവിച്ചത്.

അതേസമയം സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ നഗരം ഉള്‍പ്പെടെ കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ അടച്ചിരിക്കുകയാണ്. നഗരത്തിലെ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. പതിനാലുകാരന് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച പശ്ചാത്തലത്തിലാണ് കണ്ണൂര്‍ നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 5, 11 ഡിവിഷനുകളും 45 മുതല്‍ 53 വരെയുള്ള ഡിവിഷനുകളുമാണ് അടച്ചത്. ദേശീയപാത ഒഴികെയുള്ള ചെറു റോഡുകള്‍ എല്ലാം അടച്ചിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന പാതകളില്‍ പോലീസ് പരിശോധനയും പുനഃരാരംഭിച്ചു.

Exit mobile version