അധിക വൈദ്യുതി ബില്ലില്‍ വന്‍ ഇളവ്: തുക അഞ്ച് തവണയായി അടയ്ക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്ലില്‍ വന്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ധിച്ചതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ വിശദീകരണം.

40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിലവില്‍ സൗജന്യമാണ്. ലോക്ഡൗണ്‍ കാലത്തെ അധിക ഉപഭോഗം കാരണം ഈ പരിധി കടന്നിട്ടുണ്ടെങ്കിലും അവരില്‍ നിന്ന് ബില്‍ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് നിലവില്‍ യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ പകുതി സബ്‌സിഡി അനുവദിക്കും.

പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 30% സബ്‌സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 25% സബ്‌സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 20% സബ്‌സിഡി അനുവദിക്കും.

ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ തുക അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. തവണകള്‍ കൂട്ടി നല്‍കണം എന്ന ആവശ്യം കണക്കിലെടുത്ത് 5 തവണകള്‍ വരെ അനുവദിക്കും.

ഈ നടപടി 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. അതേസമയം,
വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

Exit mobile version