ഉപയോഗിക്കുന്നത് ഒരു ഫാനും രണ്ട് ലൈറ്റ് മാത്രം; 17044 രൂപയുടെ കറണ്ട് ബില്ല് കണ്ട് കണ്ണുതള്ളി വീട്ടുകാര്‍

കൂലിപ്പണിക്കാരനായ വിജയനും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും എണ്‍പത് വയസ്സോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടില്‍ താമസിക്കുന്നത്.

bulb

ഒരു ഫാനും രണ്ട് ലൈറ്റ് മാത്രം ഉപയോഗിക്കുന്ന വീട്ടില്‍ 17044 രൂപയുടെ കറണ്ട് ബില്ല് കണ്ട് കണ്ണുതള്ളി കുടുംബാംഗങ്ങള്‍. പരമാവധി മുന്നൂറ്റന്‍പത് രൂപ മാത്രം ബില്ല് വരുന്ന ഈ വീട്ടില്‍ എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് പോലും സാധിക്കുന്നില്ല എന്നതാണ് ആശ്ചര്യം.

ബില്ല് നല്‍കിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്ഇബി വിച്ഛേദിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ വിജയനും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും എണ്‍പത് വയസ്സോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടില്‍ താമസിക്കുന്നത്. രണ്ട് എല്‍ഇഡി ബള്‍ബുകളും ഒരു ഫാനും മാത്രമാണ് വീട്ടിലുള്ളത്. വിജയന്റെ ജേഷ്ഠ സഹോദരന്‍ രമേശിന്റെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്.

രണ്ടാഴ്ച മുന്‍പാണ് വിജയനേയും കുടുംബത്തേയും ഞെട്ടിച്ച് പതിനേഴായിരത്തി നാല്പത്തി നാല് രൂപയുടെ ബില്ല് മൊബൈല്‍ ഫോണ്‍ മുഖേന ലഭിക്കുന്നത്. തുടര്‍ന്ന് വിജയന്‍ കാവുംഭാഗത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കി. അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നല്‍കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

വീട് പരിശോധിച്ച ഇലക്ട്രീഷ്യന്‍ വയറിങ് തകരാറുകള്‍ ഇല്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മീറ്ററിന്റെ ഫോട്ടോ എടുത്ത് വിജയന്‍ വീണ്ടും കെഎസ്ഇബി ഓഫീസിലെത്തി. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥര്‍ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റര്‍ തിരികെ കൊണ്ടുപോയി.

ഇതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ രണ്ട് ലൈന്‍മാന്‍മാരെത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമാണ് എന്ന് പറഞ്ഞിട്ടു പോലും ഉദ്യോഗസ്ഥര്‍ കേട്ടില്ല എന്ന് കുടുംബം ആരോപിക്കുന്നു.

Exit mobile version