കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വെള്ളത്തില്‍പ്പോയ പന്തെടുക്കാന്‍ പെരിയാറില്‍ ഇറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

കോടനാട്: പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. കോടനാട് ആലാട്ടുചിറ സ്വദേശി വൈശാഖിന്റെ (20) മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. വൈശാഖിന്റെ സുഹൃത്ത് കോതമംഗലം കുത്തുകുഴി കളരിക്കല്‍ മാത്യുവിന്റെ മകന്‍ ബേസിലിന്റെ (20) മൃതദേഹം ചൊവ്വാഴ്ച രാത്രി ലഭിച്ചിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് പത്തോളം വരുന്ന കൂട്ടുകാരുമൊത്ത് പെരിയാര്‍ തീരത്ത് കളിച്ചുകൊണ്ടിരിക്കെ വെള്ളത്തില്‍പ്പോയ പന്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്.

ഒഴുക്കില്‍പ്പെട്ട് ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കള്‍ നിലവിളിക്കുകയായിരുന്നു. കുട്ടികളുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഒഴുക്കുകൂടുതലുള്ളതിനാല്‍ പുഴയില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്സിന്റെ മുങ്ങല്‍വിദഗ്ദ്ധരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബേസിലിന്റെ മൃതദേഹം കിടന്നതിന് തൊട്ടടുത്ത് നിന്നും വൈശാഖിന്റെയും മൃതദേഹവും കണ്ടെത്തിയത്. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ബി.ബി.എ വിദ്യാര്‍ഥികളാണ് മരണമടഞ്ഞത്.

Exit mobile version