ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങള്‍, കല്യാണത്തിനും കട ഉദ്ഘാടനത്തിനും ഇനി ആനയെ ഇറക്കി ആളാകണ്ട

തിരുവനന്തപുരം: കേരളത്തില്‍ ഉത്സവത്തിനും മറ്റു ചടങ്ങുകള്‍ക്കും ആന നിര്‍ബന്ധമാണ്. കല്യാണത്തിനു വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനുമൊക്കെ ആനയെ ഇറക്കുന്നവരും കുറവല്ല. എന്നാല്‍ ആനയെ എഴുന്നള്ളിക്കുന്നതിന് ഇനിമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

2012ല്‍ ഏതൊക്കെ ചടങ്ങുകള്‍ക്ക് എത്ര ആനയെ ഉപയോഗിച്ചോ അത്രയും ആനകളെ മാത്രമേ ഇനി ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. നിലവിലുള്ളതല്ലാതെ പുതിയ പൂരങ്ങള്‍ക്കും ആനയെ ഉപയോഗിക്കാനാകില്ല. സുപ്രീംകോടതിയുടെ നിര്‍ദേശത്തിനനുസരിച്ചാണ് പുതിയ തീരുമാനം.

ഇതോടെ കല്യാണത്തിനു വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനുമൊക്കെ ആനയെ ഇറക്കിയിരുന്ന പതിവും ഇനി അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കേരളത്തില്‍ ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളുടെ കണക്കെടുപ്പു പൂര്‍ത്തിയായപ്പോള്‍ 3300 ക്ഷേത്രങ്ങളേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

ഇവ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ഫെസ്റ്റിവല്‍ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ചു വനംവകുപ്പിനു റിപ്പോര്‍ട്ട് ചെയ്യും. നേരത്തേ റജിസ്റ്റര്‍ ചെയ്ത ക്ഷേത്രങ്ങളിലും ആനയെ ഉപയോഗിച്ചിട്ടും റജിസ്റ്റര്‍ ചെയ്യാതിരുന്ന ക്ഷേത്രങ്ങളിലെ രേഖകള്‍ പരിശോധിച്ച് 2012ല്‍ ആനയെ ഉപയോഗിച്ച ചടങ്ങുണ്ടായിരുന്നോ, എത്ര ആനയുണ്ട് എന്നതൊക്കെ കൃത്യമാക്കിയ ശേഷമാകും ഫെസ്റ്റിവല്‍ മോണിറ്ററിങ് കമ്മിറ്റി അന്തിമ അനുമതി നല്‍കുക.

Exit mobile version