‘തോറ്റ പ്രധാനമന്ത്രി’ ഇനി പഞ്ചായത്തിലേക്ക്; ടിക്‌ടോക്കിലൂടെ പ്രചാരണം; ഒപ്പം ഭീഷണിയും

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ നരേന്ദ്ര മോഡിക്കെതിരെ മത്സരിച്ച അനേകം മത്സരാർത്ഥികളിൽ ഒരാളായിരുന്നു എറണാകുളം സ്വദേശി യുഎസ് ആഷിൻ. അന്ന് തോറ്റുതൊപ്പിയിട്ടെങ്കിലും ‘തോറ്റ പ്രധാനമന്ത്രി’ പദവിയോടെ ജയിക്കാനായി പഞ്ചായത്തിലേക്കു വരികയാണ് അദ്ദേഹം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ ടിക്കറ്റിലാണ് വാരണാസിയിൽ ആഷിൻ മത്സരിച്ചത്. മോഡിക്കെതിരെ 504 വോട്ടുനേടി ആഷിൻ മനോഹരമായി പരാജയപ്പെട്ടു. അന്നുമുതൽ കൂട്ടുകാർ കളിയാക്കി വിളിച്ച പേരായിരുന്നു ‘തോറ്റ പ്രധാനമന്ത്രി’. ഈ പേര് പിന്നീട് ലോക്ക്ഡൗൺ ദിനങ്ങളിലെ ബോറടി മാറ്റാൻ ടിക്‌ടോക്കിൽ സജീവമായപ്പോൾ ആഷിൻ അക്കൗണ്ടിന് നൽകി.

കൊച്ചിയിലും ഡൽഹിയിലും സംരംഭകർക്കുവേണ്ടി പ്രവർത്തിക്കുന്ന ബിസിടു എഡി ഗ്രൂപ്പിന്റെ സിഇഒ ആയ ആഷിൻ ഗൂഗിളിന്റെ സർട്ടിഫൈഡ് ആഡ് പ്രൊഫഷണലുമാണ്. ടിക് ടോക്കിൽ ലൈക്കുകളും ഫോളോവേഴ്‌സുമൊക്കെ വരുന്നത് എങ്ങനെയാണെന്ന സാങ്കേതിക വശങ്ങൾ ആഷിൻ പഠിച്ചു. രസകരവും കൗതുകകരവുമായ പേരുകളാണ് കൂടുതൽ ട്രെൻഡ് ആകുന്നതെന്നു മനസ്സിലാക്കിയാണ് ആഷിൻ ‘തോറ്റ പ്രധാനമന്ത്രി’ എന്ന ഹാഷ് ടാഗിലെത്തുന്നത്. ഇപ്പോൾ 4.8 ലക്ഷം പേർ ഉപയോഗിക്കുന്ന ഹാഷ് ടാഗാണിത്. അതിലുള്ള വീഡിയോകൾ ഇതിനകം നൂറുകോടി പേർ കണ്ടു.

ഭാര്യ അശ്വതിക്കും മകൻ ആയുഖിനുമൊപ്പം എറണാകുളത്താണ് ആഷിൻ താമസം. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ടിക്‌ടോക്ക് സാധ്യതകളിലാണ് ഇപ്പോൾ ആഷിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ റിയൽ ഹീറോസ് എന്ന പേരിൽ ഒരു കാമ്പയിൻ. ഓരോ വാർഡിലുമുള്ള പ്രശ്‌നങ്ങൾ ടിക് ടോകിൽ പോസ്റ്റ് ചെയ്യുന്നവരിൽനിന്ന് അനുയോജ്യരായവരെയാകും സ്ഥാനാർത്ഥികളാക്കുക. ടിക് ടോക്കിലൂടെയുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിനെപ്പറ്റി പറഞ്ഞപ്പോൾത്തന്നെ കുറേപ്പേർ വിളിച്ച് ഭീഷണിപ്പെടുത്തയെന്നും ആഷിൻ പറഞ്ഞതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version